യുകെയില്‍ ഇന്ത്യന്‍ക്കാരനും മകനും നേരെ ആക്രമണം; ഗുരുതരാവസ്ഥയിലായി 42കാരന്‍

യുകെയില്‍ ഇന്ത്യക്കാരനും മകനും നേരേ ഗുണ്ടാ ആക്രമണം. അക്രമണത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ സജീദ് ചൗധരി എന്ന 42കാരന്റെ ഇരു ചെവികളും അറ്റുപോയി. ശ്വാസകോശത്തിന് ഗുരുതരമായി പരുക്ക് പറ്റി. തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായി. 14 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് സജീദിന്റെ അറ്റുപോയ ചെവികള്‍ തുന്നിപ്പിടിക്കാന്‍ സാധിച്ചത്. കാലില്‍ നിന്നും തൊലി മുറിച്ചെടുത്താണ് ചെവികള്‍ തുന്നിപ്പിടിപ്പിച്ചത്.

സെയില്‍സ്മാനായി ജോലി ചെയ്യുന്ന സജീദും ഇയാളുടെ ഇരുപത്തിനാല് വയസുളള മകനും ചൊവ്വാഴ്ച രാത്രി 10.30 ന് ലങ്കാഷെയറിലെ ബ്ലാക്‌ബേണിലെ തെരുവിലൂടെ നടന്നു വരുമ്പോഴാണ് അക്രമി സംഘം വളഞ്ഞിട്ട് ക്രൂരമായ ആക്രമിച്ചത്. അബോധാവസ്ഥയില്‍ അത്യാസന്ന നിലയിലായ ചൗധരിയുടെ ജീവന്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പിടിച്ചു നിര്‍ത്തിയിരിക്കുന്നതെന്ന് മകള്‍ മരിയ ചൗധരി പറഞ്ഞു.

15 വയസ് മുതല്‍ ഞാന്‍ ഈ തെരുവിലാണ് ജീവിക്കുന്നത്. ഇങ്ങനെയൊരു സംഭവം ആദ്യമായാണ്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സംഭവിച്ചത്എന്താണെന്നതില്‍ വ്യക്തതയില്ലെന്നും മരിയ പറഞ്ഞു.സജീദിന്റെ മൂത്തമകന്‍ അഹ്സാനും സാരമായ പരുക്കുണ്ട്.

ബ്ലാക്‌ബേണ്‍ സ്വദേശികളായ സദാഖത്ത് അലി (36), റഫാഖത്ത് അലി (38), ഫസല്‍ ഇല്‍ഹായ് (62) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. എല്ലാവരേയും ഡിസംബര്‍ 17 ന് കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായ 13 കാരന്റെ പേര് നിയമതടസ്സം മൂലം പുറത്തുവിട്ടിട്ടില്ല.

 

Top