കമല ഹാരിസിന് പുറമെ വൈറ്റ് ഹൗസില്‍ വീണ്ടും ഇന്ത്യന്‍ വംശജ

വാഷിങ്ടണ്‍ : വൈറ്റ് ഹൗസിലേക്ക് വീണ്ടും ഒരു ഇന്ത്യന്‍ വംശജ. ഇന്ത്യന്‍ വംശജയായ നീര ടണ്ടനെയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ജോ ബൈഡന്‍ സാമ്പത്തിക സംഘത്തിലെ പ്രധാന അംഗങ്ങളെ പ്രഖ്യാപിച്ചത്. ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടറായാണ് നീര ടണ്ടനെ ഇപ്പോള്‍നിയമിച്ചിരിക്കുന്നത്.50വയസുകാരിയായ നീര അമേരിക്കന്‍ പ്രോഗ്രസ് സെന്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവായാണ് മുമ്പ് പ്രവര്‍ത്തിച്ചിരുന്നത്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണത്തിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ആരോഗ്യ സംരക്ഷണ ഉപദേഷ്ടാവായിരുന്നു ടണ്ടന്‍.

2016-ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയിരുന്ന ഹിലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ ഉപദേശകയായിരുന്നു നീര ടണ്ടന്‍.1970 സെപ്റ്റംബര്‍ 10ന് മസാച്യുസെറ്റ്സിലെ ബെഡ്ഫോര്‍ഡില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകളായാണ് നീര ടണ്ടന്‍ ജനിച്ചത്. ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് 1992ല്‍ ബിരുദം നേടി. 1996ല്‍ യേല്‍ ലോ സ്‌കൂളില്‍ നിന്ന് ജൂറിസ് ഡോക്ടര്‍ ബിരുദം നേടി. അവിടെ യേല്‍ ലോ & പോളിസി റിവ്യൂവിന്റെ സബ്മിഷന്‍ എഡിറ്ററായിരുന്നു നീര ടണ്ടന്‍.

Loading...