ഫെയ്സ്ബുക്ക് പോസ്റ്; മൂന്നു നാവികസേനാംഗങ്ങള്‍ക്കു ജോലി നഷ്ടമായേക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ രഹസ്യവിവരങ്ങള്‍ പുറത്തുവിടരുതെന്ന സുരക്ഷാ നിയമം ലംഘിച്ച മൂന്നു നാവികസേനാംഗങ്ങള്‍ക്കെതിരെ കേസ്. ഇവര്‍ സഞ്ചരിച്ചിരുന്ന നാവികസേനയുടെ കപ്പലിന്റെ സ്ഥാനം സംബന്ധിച്ച വിവരങ്ങള്‍ തുടര്‍ച്ചയായി ഫെയ്സ്ബുക്കില്‍ പോസ്റ് ചെയ്തു എന്നുള്ളതാണ് ഇവരുടെമേലുള്ള കുറ്റം. അന്വേഷണ ബോര്‍ഡ് നാവികര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നാവികരെ ജോലിയില്‍ നിന്നു നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും നാവികസേനാ വക്താവ് അറിയിച്ചു. നാവികസേനയുടെ കപ്പലുകളുടെ കടലിലെ സ്ഥാനം സംബന്ധിച്ച ഒരു വിവരവും പുറത്തുവിടരുതെന്ന കര്‍ശന നിര്‍ദേശം നിലവിലുണ്ട്. വിവിധ തുറമുഖങ്ങളിലേക്കുള്ള ഈ കപ്പലുകളുടെ യാത്രാ സംബന്ധിച്ച വിവരങ്ങളാണ് നാവികര്‍ ഫെയ്സ്ബുക്കില്‍ പോസ്റ് ചെയ്തത്.