ഇന്ത്യൻ സൈന്യത്തിനും സർക്കാരിനും എതിരെ ആക്രമണത്തിനു ആഹ്വാനം ചെയ്ത് അൽ ഖ്വയ്ദ തലവൻ… സൈന്യം സര്‍വസജ്ജം

ന്യൂഡൽഹി:ഇന്ത്യൻ സൈന്യത്തിനും സർക്കാരിനും എതിരെ ആക്രമണത്തിനു ആഹ്വാനം ചെയ്ത് അൽ ഖ്വയ്ദ തലവൻ.
എന്നാൽ അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയുടെ ഭീഷണി സന്ദേശം ഗൗരവമായി കാണുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

രാജ്യത്തിന്റെ അതിർത്തികളും പരമാധികാരവും സംരക്ഷിക്കാൻ സൈന്യം പര്യാപ്തമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരത്തിലുള്ള ഭീഷണികൾ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. എന്നാൽ എന്തും നേരിടാനുള്ള പ്രാപ്തിയും സന്നാഹങ്ങളും സൈന്യത്തിന് ഉള്ളതിനാൽ അവയെല്ലാം നിസാരമായി തള്ളിക്കളയുകയാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഭീകരസംഘടനയാണ് അൽ ഖ്വയ്ദ. അതിന്റെ നേതാക്കളായ ഭീകരർക്കെതിരെയും യു.എൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സൈന്യത്തിനും സർക്കാരിനും എതിരെ ആക്രമണം നടത്താൻ ആഹ്വാനം ചെയ്യുന്ന സവാഹിരിയുടെ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിൽ പാകിസ്താനുള്ള പങ്ക് അടിവരയിട്ട് വ്യക്തമാക്കുന്നതായിരുന്നു സവാഹിരിയുടെ സന്ദേശം.

കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റവും പ്രദേശത്തെ ജനങ്ങൾ ഭീകര സംഘടനകളിൽ ചേരുന്നതിലും കുറവ് വന്നിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അവകാശപ്പെട്ടതിന് പിന്നാലെയാണ് അൽ ഖ്വയ്ദ തലവന്റെ ആഹ്വാനം പുറത്തുവന്നത്.