ന്യൂഡൽഹി : അതിർത്തിയിൽ ചൈനയുമായി നിശബ്ദ സംഘർഷം രൂക്ഷമായതോടെ സിലിഗുരി മേഖലയിൽ ഇന്ത്യ പ്രതിരോധം ശക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ പരിശോധിച്ച് ഉറപ്പാക്കി. കിഴക്കൻ മേഖലയിലെ പ്രതിരോധങ്ങൾക്ക് പുറമെ ഇന്ത്യയുടെ മറ്റ് അതിർത്തി പ്രദേശങ്ങളിലും സൈന്യം ശക്തമായ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
ജനറൽ ചൗഹാൻ വടക്കൻ ബംഗാളിലെയും ഹസിമാര വ്യോമതാവളത്തിലെയും സമീപ പ്രദേശങ്ങളിൽ സുരക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തി. സുക്‌നയിലെ 33 ത്രിശക്തി കോർപ്‌സിന്റെ ആസ്ഥാനവും പുതിയ റഫാൽ യുദ്ധവിമാന സ്‌ക്വാഡ്രണും സിക്കിമിന്റെ വടക്കൻ അതിർത്തികളിലെ പ്രവർത്തന സാഹചര്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
’33 കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ വിപിഎസ് കൗശികിനൊപ്പം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, പ്രവർത്തനം, ലോജിസ്റ്റിക് തയ്യാറെടുപ്പുകൾ എന്നിവയുടെ പുരോഗതി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) വിലയിരുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ചൈന പ്രതിരോധം ശക്തിപ്പെടുത്തി.
അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനയുടെ നിലപാട് ഏറെ നിർണായകമാണ്. പീപ്പിൾസ് ലിബറേഷൻ ആർമി ഭൂട്ടാനിലെ സിക്കം-ഭൂട്ടാൻ-ടിബറ്റ് ട്രൈ-ജംഗ്ഷന് സമീപത്തുള്ള ഡോക്ലാമിൽ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനവും വർധിപ്പിച്ചിട്ടുണ്ട്. ചൈനയോട് ചെറുത്ത് നിൽക്കാൻ ഇന്ത്യൻ സൈന്യം സജ്ജമാണ്.