യെമനിലെ ഇന്ത്യന്‍ എംബസ്സി അടച്ചു; ഇപ്പോഴും മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: സംഘര്‍ഷരൂക്ഷമായ യെമനിലെ ഇന്ത്യന്‍ എംബസി അടച്ചു. മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യെമനില്‍ കുടുങ്ങിക്കിടക്കുമ്പോഴാണു രക്ഷാദൗത്യം അവസാനിപ്പിച്ച് ഇന്ത്യ എംബസി അടച്ചത്. രക്ഷാദൗത്യം അവസാനിപ്പിച്ചു വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് വെള്ളിയാഴ്ച തിരിച്ചെത്തും. സൗദി അനുവദിച്ച സമയം അവസാനിച്ചതോടെയാണ് ഇന്ത്യ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ചു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതു പൂര്‍ത്തിയായെന്നാണു വിദേശകാര്യമന്ത്രാലയം പറയുന്നത്. എന്നാല്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഇപ്പോഴും യെമനില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരില്‍ ഭൂരിഭാഗവും മലയാളി നഴ്‌സുമാരുമാണ്. നേരത്തെ വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായാണ് ഇന്ത്യ അറിയിച്ചത്. എന്നാല്‍ എംബസി അടച്ചതോടെ കടല്‍ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനവും നിലയ്ക്കുകയാണ്. എംബസി അടച്ചു പൂട്ടുന്നതോടെ തുറമുഖത്തേക്ക് എത്താനുള്ള വഴിയാണ് അടയുന്നത്.

Loading...