ദുബായ് ഡ്യൂട്ടി ഫ്രീയുടെ 7.30 കോടി രൂപയോളം അടിച്ചത് പ്രവാസിക്ക്

ദുബായ്: ഏറ്റവും അടുത്തതായി നറുക്കെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് ആയി ഒരു മില്യണ്‍ ഡോളര്‍ പ്രവാസിക്ക്. ഏകദേശം ഏഴു കോടിയോളം ഇന്ത്യന്‍ രൂപയാണ് ഇദ്ദേഹത്തിന് ലഭിക്കുക. നേരത്തെ, ദുബായില്‍ ജോലി ചെയ്തിരുന്ന അമ്ബത്തിമൂന്നുകാരനായ രാഹുല്‍ ജുല്‍ക എന്നയാള്‍ ഇപ്പോള്‍ നൈജീരിയയിലെ പോര്‍ട് ഹാര്‍കോര്‍ടിലാണ് ജോലി ചെയ്യുന്നത്. അതേസമയം, അപ്രതീക്ഷിതമായി എത്തിയ സമ്മാനത്തിന്റെ സന്തോഷത്തിലാണ് രാഹുല്‍ ജുല്‍ക ഇപ്പോഴും. ഫെബ്രുവരി 17ന് ഓണ്‍ലൈനിലാണ് രാഹുല്‍ ജുല്‍ക ടിക്കറ്റ് എടുത്തത്.

2009 വരെ രണ്ടു വര്‍ഷം ആയിരുന്നു ജുല്‍ക ദുബായില്‍ ജോലി ചെയ്തിരുന്നത്. അതേസമയം, ലഭിച്ച തുക എന്തു ചെയ്യണമെന്ന് കൃത്യമായി പദ്ധതിയുണ്ട് ഇദ്ദേഹത്തിന്. ലഭിച്ച സമ്മാന തുകയില്‍ ഒരു ഭാഗം സേവ് ചെയ്യാനാണ് പദ്ധതി. ബാക്കിയുള്ള തുകയ്ക്ക് വീടിന്റെ ലോണും പേഴ്സണല്‍ ലോണും അടച്ചു തീര്‍ക്കണം. ക്ലാരിഡന്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടുകളിലെ ജനറല്‍ മാനേജര്‍ ആയാണ് രാഹുല്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. രണ്ടു മക്കളുടെ പിതാവായ ഇദ്ദേഹത്തിന് ഈ വിജയത്തില്‍ വളരെ വലിയ സന്തോഷമുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിനായി തുകയുടെ ഒരു ഭാഗം ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുപത്തിയൊന്‍പത് വയസുള്ള ഷാര്‍ദുല്‍ മകനും 24 വയസുള്ള ജുല്‍ക മകളുമാണ്.

Loading...

‘എന്റെ മകന്‍ സ്വീഡനിലെ ഫാല്‍ക്കെന്‍ബെര്‍ഗ് സ്ട്രാന്‍ഡില്‍ സോസ് ഷെഫായി ജോലി ചെയ്യുന്നു. മകള്‍ ജുല്‍ക ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സര്‍വകലാശാലയില്‍ നിന്ന് പൊതുജനാരോഗ്യത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നു’ – രാഹുല്‍ പറഞ്ഞു.

1999ല്‍ മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ ആരംഭിച്ചതിനു ശേഷം നറുക്കെടുപ്പില്‍ ദശലക്ഷം ഡോളര്‍ സമ്മാനം നേടിയ 177-ാമത്തെ ഇന്ത്യക്കാരനാണ് മുംബൈ സ്വദേശിയായ ജുല്‍ക്ക. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേണിയം മില്യണയര്‍ ടിക്കറ്റ് വാങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്ത്യക്കാരാണ്.