സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട യുവതിയെ കാണാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക്; ഒടുവില്‍ പാക്കിസ്ഥാന്‍ പിടിയിലായി ഇന്ത്യന്‍ യുവാവ്

സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെട്ട് ബന്ധങ്ങള്‍ ഉണ്ടാകുന്നതും പല അബദ്ധങ്ങള്‍ സംഭവിക്കുന്നതും വാര്‍ത്തകള്‍ ആയിട്ടുണ്ട്. ഇത്തരത്തില്‍ മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട യുവതിയെ കാണാനായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ വംശജനാണ് പണികിട്ടിയത്. ആന്ധ്ര സ്വദേശിയായ യുവാവിനെ പാക്കിസ്ഥാന്‍ പിടികൂടി.

ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തിരുന്ന പ്രശാന്ത് വൈദാനം എന്ന യുവാവാണ് പാക്കിസ്ഥാനിലെ ചോലിസ്ഥാനില്‍ വെച്ച് പിടിയിലായത്. അനധികൃതമായി രാജ്യാതിര്‍ത്തി ലംഘിച്ച് രാജ്യത്ത് കടന്നുവെന്ന് പറഞ്ഞാണ് പാക് അധികൃതര്‍ പ്രശാന്തിനെ പിടികൂടിയിരിക്കുന്നത്. ഇയാള്‍ക്ക് ഒപ്പം ഒരു മധ്യപ്രദേശ് സ്വദേശിയെയും പാക്കിസ്ഥാന്‍ അധികൃതര്‍ പിടികൂടിയിട്ടുണ്ട്.

Loading...

രാജസ്ഥാനിലൂടെ പാക്കിസ്ഥാനിലേക്ക് കടക്കുന്നതിന് ഇടെയാണ് ഇവര്‍ പിടിയിലാകുന്നത്. ഇവരുടെ പക്കല്‍ മതിയായ രേഖകള്‍ ഇല്ലാതെയാണ് അതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ചത്. നവംബര്‍ 14നാണ് ഇവര്‍ പാക് പിടിയിലാകുന്നത്. ബഹാവല്‍പൂര്‍ ജില്ലയിലെ മരുഭൂമിക്കടുത്ത് വെച്ച് പാക്കിസ്ഥാന്‍ അധികൃതര്‍ ഇവരെ പിടികൂടുകയായിരുന്നു. പാക് മാധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടുവര്‍ഷം മുന്‍പാണ് പ്രശാന്തിനെ വിശാഖപട്ടണത്ത് നിന്ന് കാണാതായത്.

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ കാണാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പുറപ്പെട്ടതാണ് താനെന്ന് പ്രശാന്ത് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍, ഏതുവഴിയാണ് പ്രശാന്ത് പാകിസ്ഥാനിലേക്ക് കടന്നതെന്ന വിവരങ്ങള്‍ ലഭ്യമല്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, പാക് പൊലീസിന്റെ പിടിയിലായ പ്രശാന്തിന്റെ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഒരു മാസത്തിനുള്ളില്‍ താന്‍ ജയിലില്‍ നിന്ന് മോചിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രക്ഷിതാക്കളെ അറിയിക്കുന്നതായിരുന്നു വീഡിയോ. തെലുങ്കിലായിരുന്നു പ്രശാന്ത് രക്ഷിതാക്കള്‍ക്ക് സന്ദേശം കൈമാറിയത്.

‘മമ്മിക്കും ഡാഡിക്കും സുഖമല്ലേ? പൊലീസ് സ്റ്റേഷനില്‍നിന്ന് അവരെന്നെ കോടതിയില്‍ ഹാജരാക്കി. ഇനി ജയിലേക്ക് കൊണ്ടുപോകും. ശേഷം ഇന്ത്യന്‍ എംബസ്സിയെ വിവരമറിയിക്കും. അതിന് ശേഷം എനിക്ക് നിങ്ങളുമായി ബന്ധപ്പെടാന്‍ സാധിക്കും. ജാമ്യത്തിന് വേണ്ട കാര്യങ്ങളൊക്കെ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും ജയിലില്‍ കഴിയുന്നവരെ കൈമാറാറുണ്ട്. പക്ഷെ അതിന് കുറച്ച് സമയമെടുക്കും’, പ്രശാന്ത് പറഞ്ഞു. പാക് പൊലീസിന്റെ അനുവാദം വാങ്ങിയായിരുന്നു പ്രശാന്ത് തെലുങ്കില്‍ സംസാരിച്ചത്. എന്തായാലും പ്രശാന്തിന്റെ സാഹസം കേട്ട് ഞെട്ടിയിരിക്കുകയാണ് പലരും.