യുഎഇയില്‍ ആശുപത്രിയുടെ മുകളില്‍ നിന്നും ചാടി മലയാളി നേഴ്‌സ് ആത്മഹത്യ ചെയ്തു

അല്‍ ഐന്‍: ആശുപത്രിയുടെ മുകളില്‍ നിന്നും ചാടി മലയാളി നേഴ്‌സ് ആത്മഹത്യ ചെയ്തു. സുജ സിംഗ് എന്ന നഴ്‌സാണ് അല്‍ ഐനിലെ സ്വകാര്യ ആശുപത്രിയുടെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണ് ഇവര്‍ ആശുപത്രിയുടെ മുകളില്‍ നിന്നും ചാടിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ജനുവരി മുതല്‍ ഇവര്‍ ഈ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. തങ്ങളെല്ലാം സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണെന്നും നല്ലൊരു ജോലിക്കാരിയെയാണ് തങ്ങള്‍ക്ക് നഷ്ടമായതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഉത്തരേന്ത്യന്‍ സ്വദേശിയായ ഭര്‍ത്താവില്‍ നിന്നും ഇവര്‍ വിവാഹമോചനം നേടിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. വിദേശത്തുള്ള ഇവരുടെ മക്കളുമായി ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ മൃതദേഹം കാണുവാനോ സ്വീകരിക്കുവാനോ തയ്യാറായില്ലെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സുജയുടെ മൃതദേഹം അല്‍ ഐയിനില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിച്ചതായാണ് സൂചന. സംഭവത്തെക്കുറിച്ച് പ്രതികരിക്കുവാന്‍ അബുദാബി പോലീസ് തയ്യാറായിട്ടില്ല. മരണകാരണത്തെപ്പറ്റി നിലവില്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

 

വാര്‍ത്താ കടപ്പാട്: ഗള്‍ഫ്ന്യൂസ്.കോം

Top