കൊറോണ ഭീതി;ചൈനക്കാരനാണെന്ന് കരുതി ഇന്ത്യന്‍ വംശജന് നേരെ ആക്രമണം

ജെറുസലേം: ലോകരാജ്യങ്ങില്‍ കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അതിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ നിന്നുള്ളവരെ ഭീതിയിലേക്ക് നോക്കിക്കാണുന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞിരിക്കുകയാണ് ഇന്ന്. ചൈനക്കാരെ കണ്ടാല്‍ അവരെ ആക്രമിക്കുന്ന സ്ഥിതി വരെ ഉണ്ടാകുന്നുണ്ട്. ഇത്തരത്തില്‍ ചൈനക്കാരനെന്ന് കരുതി ഇന്ത്യന്‍ വംശജനായ ജൂത യുവാവിന് നേരെ ആക്രമണമുണ്ടായിരിക്കുകയാണ് ഇസ്രയേലില്‍. ഇസ്രയേലിലെ ടൈബെരിയസിലാണ് സംഭവം.

ആം ശാലേം സിങ്‌സണ്‍ എന്ന 28-കാരനെ ചൈനക്കാരെന്ന് വിളിച്ച് രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നു. ‘കൊറോണ, കൊറോണ’എന്ന് അലറി വിളിച്ചാണ് യുവാവിനെ രണ്ടുപേര്‍ ആക്രമിച്ചത്. നെഞ്ചിന് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, മിസോറമിലുളള ബ്‌നെയി മെനാഷെ സമുദായത്തില്‍ പെട്ട വ്യക്തിയാണ് ഇയാള്‍. സംഭവത്തെ കുറിച്ച് ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

അക്രമികളോട് താന്‍ ചൈനക്കാരനല്ലെന്നും തനിക്ക് കൊറോണയില്ലെന്നും പറയാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അതുകേള്‍ക്കാന്‍ കൂട്ടാക്കാതെ അക്രമികള്‍ മര്‍ദനം തുടരുകയായിരുന്നുവെന്നും ഇയാള്‍ പോലീസിന് മറുപടി നല്‍കി. ശനിയാഴ്ച നടന്ന സംഭവത്തിന് ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ സിസിടിവി ഫൂട്ടേജുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിങ്‌സണ്‍ കുടുംബത്തിനൊപ്പം ഇസ്രയേലിലേക്ക് കുടിയേറിയത്.