വെള്ളം ശുദ്ധീകരിക്കാന്‍ സ്‌പോഞ്ചുമതി; പുതിയ കണ്ടുപിടുത്തവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞ

ടൊറന്റോ: വെള്ളം ശുദ്ധീകരിക്കാന്‍ പുതിയ കണ്ടുപിടിത്തവുമായി ഇന്ത്യക്കാരിയായ പാവണി ചെറുകുപള്ളി എന്ന ഗവേഷക. ഹൈദരാബാദില്‍ നിന്ന് അമേരിക്കയിലെത്തിയ പാവണി ചെറുകുപള്ളി എന്ന ഗവേഷകയാണ് സ്‌പോഞ്ച് ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്ന രീതി വികസിപ്പിച്ചത്. ടൊറൊന്റൊ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് പാവണി. സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലാണ് പാവണി ഗവേഷണം നടത്തുന്നത്. ഇതിനിടെയാണ് ജലശുദ്ധീകരണത്തിന് പുതിയ മാര്‍ഗം വികസിപ്പിച്ചത്.

സ്‌പോഞ്ചിന്റെ പരിഷ്‌കരിച്ച മാര്‍ഗമാണ് പാവണിയുടേത്. പോളിയൂറിതീന്‍ കൊണ്ട് നിര്‍മ്മിച്ച ചാര്‍ജ് ചെയ്ത സ്‌പോഞ്ച് വെള്ളത്തിലെ മാലിന്യങ്ങളിലെ അയോണുകളെ ആകര്‍ഷിക്കും എന്നാണ് പാവണിയുടെ കണ്ടെത്തലിന് പിന്നിലെ ആശയം. ഇതിന്മേല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. 98 ശതമാനത്തോളമാണ് പുതിയ രീതിയുടെ വിജയസാധ്യതയെന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ചാര്‍ജുള്ളതും ഇല്ലാത്തതുമായ സ്‌പോഞ്ചുകളെ തമ്മില്‍ യോജിപ്പിച്ചുകൊണ്ടുള്ള മാര്‍ഗമാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്.

Loading...

ഈ മാര്‍ഗം പൂര്‍ണതോതില്‍ വികസിപ്പിക്കാനായാല്‍ ഇന്ത്യന്‍ നദികളിലെ മാലിന്യം നീക്കാന്‍ ഉപകരിക്കുമെന്നാണ് പാവണി വിശ്വസിക്കുന്നത്. നദികളിലേക്ക് മലിനജലമൊഴുക്കുന്ന പ്രവണത ഇന്ത്യയിലെ വ്യവസായങ്ങളില്‍ പ്രകടമാണ്. ജലം ശുദ്ധീകരിക്കാന്‍ വലിയ ചിലവ് വരുന്നതിനാല്‍ ഇത് ആരും ചെയ്യാറില്ല. സ്‌പോഞ്ച് ശുദ്ധീകരണം യാഥാര്‍ഥ്യമായാല്‍ ചിലവ് വലിയ തോതില്‍ കുറയുമെന്നതും അതുവഴി നദികളിലെ മാലിന്യം കുറയ്ക്കാമെന്നുമാണ് പാവണി വിശ്വസിക്കുന്നത്.