കൊറോണ വൈറസ്; ഇന്ത്യന്‍വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

ബീജിങ്: കൊറോണ വൈറസിന്റെ ഭയത്തിലാണ് ചൈനയിലെ ജനങ്ങള്‍. വൈറസ് ബാധ പരക്കുന്നതിനിടെ ചൈനയിലെ ഇന്ത്യക്കാരും ആശങ്കയിലായിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വൈറസ് സഥിരീകരിച്ചത് വുഹാനിലാണ്. എന്നാല്‍ ഇവിടെ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം എഴുന്നൂറോളമാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ഗവേകര്‍, എന്നിങ്ങനെയായി അഞ്ഞൂറോളം വിദ്യാര്‍ത്ഥികളും ഇവിടെ താമസക്കാരായുണ്ട്.
ഇന്ത്യയിൽനിന്നുള്ള 23,000 മെഡിക്കൽ വിദ്യാർഥികളാണ്‌ ചൈനയിൽ ആകെയുള്ളത്‌. പരീക്ഷ കഴിഞ്ഞ്‌ ജനുവരി രണ്ടാം വാരത്തോടെ മിക്ക വിദ്യാർഥികളും ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും പഠനസംബന്ധമായി നിരവധിപേർ ഇപ്പോഴും ചൈനയിലുണ്ട്‌.ഇന്ത്യൻ എംബസി വിദ്യാർഥികളുമായി സംസാരിച്ചു.

വുഹാനിൽനിന്ന്‌ ആളുകൾ പുറത്തേയ്‌ക്ക് പോകുന്നതിന്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആളുകൾ കൂട്ടംകൂടുന്നത്‌ തടയാൻ പള്ളികളിൽ വെള്ളിയാഴ്‌ച പ്രാർഥനകൾ നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്‌.
കൊറോണ വൈറസ് വിഷയത്തില്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചൈനയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ചൈനയില്‍നിന്ന് എത്തുന്നവരെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ സുരക്ഷ ഉറപ്പാക്കേണ്ടതാണ്. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ അതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് കര്‍ശന പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

Loading...

സൗദിയില്‍ ജോലി ചെയ്യുന്ന കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്ക് ആണ് ചൈനയില്‍ പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ് വൈറസ് സ്ഥിരീകരിച്ചത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലെ ജീവനക്കാരിയാണ് ഇവര്‍. മലയാളി നഴ്സിനെ കൂടാതെ ഈ ആശുപത്രിയിലെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്സിനും കൊറോണ പിടിപെട്ടിട്ടുണ്ട്.

ഫിലിപ്പീന്‍ സ്വദേശിക്കായിരുന്നു ആദ്യം വൈറസ് ബാധ പിടിപെട്ടതെന്ന് ആശുപത്രിയിലെ മറ്റു മലയാളി നഴ്സുമാര്‍ പറയുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിന് ഇടെയാണ് ഏറ്റുമാനൂര്‍ സ്വദേശിനിയിലേക്ക് വൈറസ് പടര്‍ന്നത്. വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ല. രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതരെന്നും നഴ്‌സുമാര്‍ അറിയിച്ചിട്ടുണ്ട്. സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഴ്സുമാര്‍ പറഞ്ഞു.
അതേസമയം ചൈനയില്‍ ‘കൊറോണ വൈറസ്’ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

അതേസമയം, ‘കൊറോണ’യെന്ന മാരക വൈറസ് ബാധ ചൈനയില്‍ പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പ്രത്യേക ആരോഗ്യപരിശോധന തുടങ്ങിയിട്ടുണ്ട്. വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന്‍ തായ്‌ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തി. നാല് രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയത്.

‘കൊറോണ’ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണെന്ന് കഴിഞ്ഞ ദിവസം ചൈന സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് വിഷയത്തിന്റെ കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് ‘കൊറോണ’ എന്ന നിഗമനമായിരുന്നു ആദ്യമുണ്ടായിരുന്നത്. അങ്ങനെയെങ്കില്‍ വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള സാഹചര്യമുണ്ടാവുമായിരുന്നു. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും എന്ന കണ്ടെത്തല്‍ വന്‍ തിരിച്ചടിയായി.

ജലദോഷത്തില്‍ തുടങ്ങി ന്യൂമോണിയയുടെ ലക്ഷണങ്ങളിലേക്കെത്തുന്നതാണ് ‘കൊറോണ’ വൈറസ് ബാധയില്‍ ആദ്യഘട്ടത്തില്‍ സംഭവിക്കുക. തുടര്‍ന്ന് ശ്വാസകോശത്തെയാണ് രോഗം ബാധിക്കുക.

ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്നു പിടിച്ച ന്യുമോണിയയ്ക്കു കാരണം പുതിയ ഇനം കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നാണ് കണ്ടെത്തല്‍. വൈറസ് ബാധ ലോകമെങ്ങും പടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.