ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിക്ക് ജാമ്യം; ജാമ്യം ലഭിക്കുന്നത് ആറര വർഷത്തിന് ശേഷം

ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിക്ക് ജാമ്യം ലഭിച്ചു. മുഖ്യപ്രതിയും ഐഎൻഎക്‌സ് മീഡിയ കമ്പനിയുടെ മുൻ മേധാവിയുമായ ഇന്ദ്രാണി മുഖർജിക്ക് ആറര വർഷത്തിന് ശേഷമാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസിൽ ആറര വർഷമായി ഇന്ദ്രാണി മുഖർജി ജയിലിൽ കഴിയുന്നത് കോടതി കണക്കിലെടുക്കുകയായിരുന്നു.അൻപത് ശതമാനം പ്രോസിക്യൂഷൻ സാക്ഷികളെ ഒഴിവാക്കിയാൽ പോലും വിചാരണ ഉടൻ അവസാനിക്കില്ലെന്നാണ് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചത്.

2012ൽ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചെന്നാണ് ഇന്ദ്രാണി മുഖർജി അടക്കം പ്രതികൾക്കെതിരെയുള്ള കുറ്റം.ഇന്ദ്രാണിയുടെ രഹസ്യബന്ധം കണ്ടെത്തിയതിനെ തുടർന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2021 നവംബറിൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമർപ്പിച്ച പ്രത്യേക ഹർജിയിലാണ് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ ഗവായ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

Loading...