കോട്ടയം:വരുമാനവും ബജറ്റ് വിഹിതവും ജീവനക്കാരുടെ ശംബളവും പെൻഷനും മാത്രമായിട്ടുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തന രീതി അപമാനകരമെന്ന് ഇൻഫാം.സംഘടിത ജീവനക്കാര്‍ക്കുമുമ്പില്‍ മുട്ടുമടക്കി കടക്കെണിയില്‍ മുങ്ങിത്താഴുകയാണ് സംസ്ഥാന ഭരണം. കേരളത്തിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മടിക്കുന്നതില്‍ ദുരൂഹതയുണ്ട്. 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുക്കടം 82,486 കോടിയായിരുന്നു. 2015ലിത് 1,35,548 കോടിയായി. 2016 മാര്‍ച്ച് 31ന് 1,60,000 കോടിയിലേറെയാകുവാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

അഞ്ചുവര്‍ഷംകൊണ്ട് പൊതുക്കടം ഇരട്ടിയായി ഉയര്‍ന്നിരിക്കുമ്പോള്‍ ഇതിന്റെ ബാധ്യത പേറുന്നത് പൊതുസമൂഹമൊന്നാകെയാണ്. വികസനവും ജനക്ഷേമവും ബഹുഭൂരിപക്ഷമായ കര്‍ഷകരെയും മറന്ന് വിവാദങ്ങളുമായി ഉദ്യോഗസ്ഥ തീരുമാനങ്ങള്‍ക്കു മുമ്പില്‍ ജനപ്രതിനിധികള്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന ദുരവസ്ഥ ഇന്ത്യയില്‍ കേരളത്തില്‍ മാത്രമേയുള്ളൂ.
ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളവര്‍ദ്ധനവിനും പെന്‍ഷനുമായി 2015-16ലെ ബജറ്റിലെ നികുതിവരുമാനമായ 45,428 കോടി രൂപയ്ക്കു പുറമെ 13,000 കോടിയോളം രൂപ കണ്ടെത്തേണ്ടിവരികയും അതേസമയം ലോട്ടറി ലോട്ടറിയേതര വരുമാനം, കേന്ദ്രനികുതി വരുമാനം, കേന്ദ്ര പ്ലാന്‍ ഫണ്ട്, ധനകാര്യകമ്മീഷന്‍ വരവ് ഉള്‍പ്പെടെ റവന്യൂ വരുമാനമായ 77,427 കോടിരൂപയുടെ 80 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കുവാന്‍ വേണ്ടിമാത്രമായുള്ള സാമ്പത്തിക കെടുകാര്യസ്ഥതയില്‍ സംസ്ഥാന ഭരണം ജനാധിപത്യഭരണസംവിധാനത്തിന് അപമാനമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. വേതനം വര്‍ദ്ധിപ്പിച്ചപ്പോള്‍ ശമ്പളപരിഷ്‌കരണ കമ്മീഷന്‍ രണ്ടാംഭാഗമായി സമര്‍പ്പിച്ച സേവനങ്ങള്‍ മെച്ചപ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ മൗനംപാലിച്ച് നീട്ടിവെച്ചത് കുറ്റകരമായ അനാസ്ഥയാണെന്നും വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു.