“ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ”..ശരിക്കും ഇന്നസെന്റിന്‌ എന്തുപറ്റി?

നടിമാർക്കെതിരേ വിവാദ പരാമർശവുമായി അമ്മ പ്രസിഡന്റ് ഇന്നസെന്റ് .നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടിവരുമെന്നും പറഞ്ഞു. താരസംഘടനയായ അമ്മയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂരിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്നസെന്റിന്റെ ഈ പരാമര്‍ശം. കൊച്ചിയില്‍ നടി ആക്രമണത്തിനിരയായതിനെത്തുടര്‍ന്ന് സിനിമയില്‍ നിലനില്‍ക്കുന്ന ചില പ്രവണതകള്‍ക്കെതിരെ നിരവധി നടിമാര്‍ രംഗത്തുവന്നിരുന്നു. സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന് വെളിപ്പെടുത്തലുകളായിരുന്നു അതില്‍കൂടുതല്‍. എന്നാല്‍ നടിമാര്‍ ഉന്നയിച്ച ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് എംപിയും നടനും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ്. തന്നോട് ആരും ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നു പറഞ്ഞ ഇന്നസെന്റ്  നടിമാർക്കെതിരേ വളരെ മോശമായ രീതിയിൽ പദ പ്രയോഗം നടത്തുകയായിരുന്നു.

അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പാര്‍വ്വതി ഉന്നയിച്ച ആരോപണം മാധ്യമപ്രവര്‍ത്തക ഇന്നസെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്ന് പാര്‍വ്വതി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനോട് ഇന്നസെന്റ് പ്രതികരിച്ച രീതി വിവാദത്തിന് വഴിവയ്ക്കുന്നതാണ്. ‘ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആള്‍ക്കാരോടും ആളുകള്‍ പറയും, ആ സ്ത്രീ പറയും. അങ്ങനെയൊരു സംഭവമേയില്ല. പിന്നെ നടിമാരുടെ സ്വഭാവം മോശമാണെങ്കില്‍ അവര് ചിലപ്പോള്‍ കിടക്ക പങ്കുവയ്‌ക്കേണ്ടിവരും. അതല്ലാതെ ഒരാളും ഇല്ല കേട്ടോ. വളരെ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് ആ വക കാര്യങ്ങള്‍ നടക്കുന്നത്’. എന്നാണ് ഇന്നസെന്റ് മറുപടി നല്‍കിയത്.

ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിക്കിടെയാണ് പാര്‍വ്വതി സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പറഞ്ഞത്. ‘മലയാള സിനിമയില്‍ ‘കാസ്റ്റിങ്ങ് കൗച്ച്’ ഉണ്ട്. വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. അതില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു കടമ പോലെയാണ് ചോദിക്കുന്നത്. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട്. എല്ലാവരും ഒരു പോലെയാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്തില്ല. അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകള്‍ വരാതിരുന്നത്. ജീവിത ഉപദേശം പോലെ മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. അങ്ങനെയാണെങ്കില്‍ എനിക്കിത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു’. ഇങ്ങനെയാണ് പാര്‍വതി അഭിമുഖത്തിനിടെ പറഞ്ഞത്.