പ്രാണിയുടെ കടിയേറ്റത്തിന് പിന്നാലെ ദേഹമാസകലം ചൊറിച്ചില്‍ ; എട്ടാംക്ലാസ് വിദ്യാർഥിനി മരിച്ചു.

തിരുവല്ല : തേനീച്ചയ്ക്ക് സമാനമായ പ്രാണിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ടാംക്ലാസ് വിദ്യാർഥിനി മരിച്ചു. പെരിങ്ങര പതിമൂന്നാംവാർഡിൽ കോച്ചാരിമുക്കം പാണാറ വീട്ടിൽ അനീഷിന്റെയും ശാന്തി കൃഷ്ണന്റെയും മകൾ അംജിത അനീഷാണ്‌(13) മരിച്ചത്.

വിഷമുള്ള പ്രാണിയുടെ കുത്തേറ്റ് പെൺകുട്ടി ചകിത്സയിലായിരുന്നു. തിരുവല്ല എം.ജി.എം. സ്കൂൾ വിദ്യാർഥിനിയാണ്. പുരയിടത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ മാർച്ച് ഒന്നിന് വൈകീട്ട് 5.30നാണ് പെൺകുട്ടിക്ക് പ്രാണിയുടെ കടിയേറ്റത്. ചെവിക്കു താഴെയാണ് കടിയേറ്റത്.

Loading...

അരമണിക്കൂറിനുള്ളിൽ ദേഹമാസകലം ചൊറിഞ്ഞുതടിച്ചു. തുടർന്ന് തിരുവല്ല താലൂക്കാശുപത്രിയിൽ എത്തിച്ചു. ഇവിടെ പ്രാഥമികചികിത്സ നൽകി വീട്ടിലേക്ക്‌ മടങ്ങാനൊരുങ്ങുമ്പോൾ കുട്ടി കുഴഞ്ഞുവീണു. ശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

എന്നാൽ ശ്വാസകോശത്തിലേക്ക് അണുബാധ പടർന്നതിനെത്തുടർന്ന്  പെൺകുട്ടിയെ വെന്റിലേറ്ററിലാക്കി. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ശക്തിയേറിയ വിഷമുള്ള പ്രാണിയാകാം കടിച്ചതെന്നാണ് നിഗമനം