കാശ്മീരില്‍ പ്രസവ വേദനയില്‍ യുവതി നടന്നത് 6 കിലോമീറ്റര്‍; ഏത് നിമിഷവും പ്രസവിക്കാം, കടത്തിവിടണം’- എന്ന ഇന്‍ഷയുടെ ദയനീയ സ്വരം പക്ഷേ സൈനികര്‍ ചെവികൊണ്ടില്ല

Loading...

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം അവിടുത്തെ ജനത എത്രത്തോളം ഭീകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇന്‍ശ എന്ന 26കാരിയുടെ അനുഭവത്തിലൂടെ തുറന്നു കാട്ടുന്നു.

പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഇന്‍ശ അതികഠിനമായ നിമിഷങ്ങളെ അതിജീവിച്ചാണ് തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയിലേക്കുള്ള വഴിയില്‍ പല തവണ സൈന്യം തടഞ്ഞു. മണിക്കൂറുകളോളം നടന്നാണ് അവര്‍ ആശുപത്രിയിലെത്തിയത്. പ്രസവത്തിന് ശേഷം കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ ഒരു തുണിപോലും ആ കുടുംബത്തിന്റെ കൈയില്‍ ഉണ്ടായിരുന്നില്ല. കാരണം ആഗസ്റ്റ് അഞ്ച് മുതല്‍ അവിടുത്തെ കടകള്‍ അടഞ്ഞുകിടക്കുകയായിരുന്നു.

Loading...

ആഗസ്റ്റ് ഒന്‍പത് ശനിയാഴ്ച പുലര്‍ച്ചെ ഗര്‍ഭപാത്രത്തിലെ വെള്ളം ചോര്‍ന്ന് പോയതിനെ തുടര്‍ന്ന് ഇന്‍ശയ്ക്ക് കഠിന വേദന അനുഭവപ്പെട്ടു തുടങ്ങി. എത്രയും വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കണമായിരുന്നു. ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ബെമിനയിലാണ് ഇന്‍ശയുടെ മാതാവ് മുബിനയും സഹോദരി നിഷയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.

പ്രസവത്തിനായി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയതാണ് ഇന്‍ശ. ഇവിടെ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് ലാല്‍ ദേഡ് ആശുപത്രി. ഇവിടേക്ക് വേണം ഇന്‍ശയെ എത്തിക്കാന്‍. ഉമ്മ മുബീനയും സഹോദരി നിഷയും ചേര്‍ന്ന് അയല്‍വാസിയുടെ ഓട്ടോറിക്ഷയില്‍ ഇന്‍ശയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഏതാനും മീറ്ററുകള്‍ക്ക് അപ്പുറത്ത് സൈനികര്‍ വാഹനം തടഞ്ഞുവെച്ചു. കേണപേക്ഷിച്ചിട്ടും വാഹനം കടത്തിവിടാന്‍ സൈന്യം അനുവദിച്ചില്ല. അതുവഴി പോകാന്‍ കഴിയില്ലെന്ന നിലപാടില്‍ സൈന്യം ഉറച്ചു നിന്നു.

തുടര്‍ന്ന് ഏഴ് കിലോമീറ്റര്‍ അകലെയുളള ആശുപത്രിയിലേക്ക് പൂര്‍ണഗര്‍ഭിണിയായ ഇന്‍ശാ പ്രസവ വേദന അനുഭവിച്ച് മറ്റൊരു വഴിയിലൂടെ കാല്‍നടയായി യാത്ര തുടര്‍ന്നു. ഓരോ അഞ്ഞൂറ് മീറ്ററിലും സൈനികര്‍ ചെക്പോസ്റ്റുകളില്‍ തടഞ്ഞു. തുടര്‍ന്ന് മറ്റു വഴിയിലൂടെ ഇന്‍ശയും മാതാവും സഹോദരിയും യാത്ര തുടര്‍ന്നു. അഞ്ചര മണിക്കൂര്‍ നേരമാണ് ആ കാല്‍ നട യാത്ര തുടര്‍ന്നത്. രാവിലെ 11 മണിയായപ്പോള്‍ ഇന്‍ശായുടെ വേദന കഠിനമായി. അപ്പോഴേക്കും ആറ് കിലോമീറ്റര്‍ ദൂരം ഇന്‍ശ നടന്നിരുന്നു. ഇതിനിടെ ഖാനം എന്ന സ്വകാര്യ ആശുപത്രിക്കടുത്ത് അവര്‍ എത്തി. ലാല്‍ദേഡ് ആശുപത്രിയിലേക്ക് അവിടെ നിന്നും അര കിലോമീറ്റര്‍ വീണ്ടും നടക്കണം. അത്ര ദൂരം നടക്കാന് കഴിയുന്നതിനപ്പുറം ഇന്‍ശ അവശയായിരുന്നു. ഖാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പതിനഞ്ച് മിനിട്ടിനകം ഇന്‍ശ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

കുഞ്ഞിനെ പ്രസവമുറിക്ക് പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ ഒരു ഉടുപ്പ് പോലും കുടുംബത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. കാരണം, കടകള്‍ ആഗസ്റ്റ് 5 മുതല്‍ അടഞ്ഞുകിടക്കുകയാണ്. ഇന്‍ശായുടെ മാതാവ് മുബീന തന്റെ ശിരോവസ്ത്രത്തില്‍ പൊതിഞ്ഞാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. പിന്നീട് സഹോദരി നിഷ കുറേ ദൂരം അലഞ്ഞ ശേഷം കുഞ്ഞിന് ഒരു വസ്ത്രം സംഘടിപ്പിക്കുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവറായ ഇന്‍ശയുടെ ഭര്‍ത്താന് ഇര്‍ഫാന്‍ അഹമ്മദ് ഷെയ്ഖ് മറ്റൊരു സ്ഥലത്തായിരുന്നു. കുട്ടി ജനിച്ച വിവരം ഇര്‍ഫാനുമായി അവര്‍ക്ക് പങ്കുവയ്ക്കാനായില്ല. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി കശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.