കൊവിഡ് ഡ്യൂട്ടിക്കിടെ മരണം;കുടുംബത്തിന് 50 ലക്ഷം രൂപ സഹായം

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കിടെ മരണപെട്ട ആരോഗ്യ പ്രവര്‍ത്തകക്ക് 50 ലക്ഷംരൂപ സഹായം. നെടുമങ്ങാട് ഗവ.ആശുപത്രി ജീവനക്കാരി കുമാരിയുടെ കുടുംബത്തിനാണ് സഹായം ലഭിച്ചത്. ആരോഗ്യ വകുപ്പിന്റെ പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നാണ് തുക അനുവദിച്ചത്.കഴിഞ്ഞ മാസം 27ന് കോവിഡ് ഡ്യൂട്ടിക്ക് വരുന്ന വഴിയിലാണ് വാഹനാപകടത്തില്‍ പെട്ട് എസ് കുമാരി മരിച്ചത്.ആരോഗ്യവകുപ്പിന്റെ പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യം കുമാരിയുടെ കുടുംബത്തിന് നല്‍കണമെന്ന് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റെ വി.കെ മധു ആവശ്യപ്പെട്ടിരുന്നു.

ഇതിനെതുടര്‍ന്നാണ് കുമാരിയുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നത്. ഇക്കാര്യം ജില്ലാപഞ്ചായത്ത് പ്രസിഡന്റും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ചെയര്‍മാനുമായ വി.കെ മധു നേരിട്ടെത്തി കുമാരിയുടെ കുടുംബത്തെ അറിയിച്ചു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച സമയത്താണ് അപ്രതീക്ഷിതമായി കുമാരി മരണമടയുന്നത്.
അന്‍പത് ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുക.

Loading...

അതേസമയം സംസ്ഥാനത്ത് ഇന്ന് 123 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേർ രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുടർച്ചയായ ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്.53 പേർ ഇന്ന് രോ​ഗമുക്തരായി. പുതിയ രോഗബാധിതരിൽ 84 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 33 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ആറ് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു.