അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഒളിത്താവളം ഇന്ത്യ കണ്ടെത്തി

ന്യൂഡല്‍ഹി: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ പാക്കിസ്ഥാനിലെ ഒളിത്താവളം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലും ഇസ്‌ലാമാബാദിലുമായിട്ടാണ് ദാവൂദ് താമസിക്കുന്നത്. ദാവൂദിനും കുടുംബത്തിനും പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടുകളുമുണ്ട്. ദാവൂദിനു മാത്രം G866537, C267185, KC285901 എന്നീ നമ്പരുകളിലുള്ള മൂന്നു പാസ്‌പോര്‍ട്ടുകളാണ് പാക്കിസ്ഥാന്‍ അനുവദിച്ചിരിക്കുന്നതെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ ആണ് ദാവൂദിനു വേണ്ട എല്ലാ സഹായവും നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ദാവൂദിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിക്കാന്‍ പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ദാവൂദിന്റെ പേരില്‍ 10 ബാങ്ക് അക്കൗണ്ടുകള്‍ പാക്കിസ്ഥാനില്‍ ഉള്ളതായി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതുവഴി ഹവാല ഇടപാടുകള്‍ നടക്കുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Loading...

ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ദാവൂദ് എവിടെയുണ്ടെന്ന് അറിയില്ലെന്ന് ആഭ്യന്തര സഹമന്ത്രി ഹരിഭായ് പറതിഭായ് ചൗധരി ലോക്‌സഭയെ അറിയിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് വിശദീകരണവുമായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തിയിരുന്നു. ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെയുണ്ടെന്നും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ നടപടിയെടുക്കുമെന്നും രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ വ്യക്തമാക്കി.