പാലക്കാട്ടെ ഇരട്ടക്കൊലപാതകം; കണ്ണൂരിൽ അടക്കം ജാ​ഗ്രത വേണമെന്ന് രഹസ്യാന്വേഷണ വിഭാ​ഗം

കണ്ണൂർ:പാലക്കാട്ട് നടന്ന ഇരട്ടക്കൊലപാതക്തതിൽ അതീവ ജാ​ഗ്രതാ മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാ​ഗം. ആർഎസ്എസ്-എസ്ഡിപിഐ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രത വേണമെന്നാണ് രഹസ്യാനേഷണ വിഭാഗം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. തീവ്ര സ്വഭാവമുള്ള സംഘടനകളും വ്യക്തികളും സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്.ഇത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നി‍ർദ്ദേശം നൽകിയിരിക്കുന്നത്. ഫേസ്ബുക്കിലും വാട്സാപ്പിലും പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ പോസ്റ്റുകളും കമന്റുകളും ഇടുന്നത് പൊലീസ് നിരീക്ഷിക്കും. ലവ് ജിഹാദ് ആരോപണത്തിന്റെ പശ്ചാത്തലത്തിലും സമുദായങ്ങൾ തമ്മിൽ സ്പ‍ർധ ഉണ്ടാകാതിരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ മുൻകരുതലെടുക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം, പാലക്കാട് ഇരട്ടക്കൊലപാതകമുണ്ടായ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ഈ മാസം 28ന് വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു ചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്ര നിയന്ത്രണവും തുടരും. ജില്ലയിലെ നിയന്ത്രണം പിൻവലിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെത്തുർന്നാണ് ജില്ലാ കളക്ടർ മൃൺമയീ ജോഷിയുടെ നടപടി. കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നിൽ കണ്ട് 16 പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്. നേരത്തെ ഈ മാസം 24 വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

Loading...