ഹൈദരാബാദ്: ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിച്ചതിന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയുടെ നാല് ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ മാസം 20ന് ഹൈദരാബാദിലെ ബീഗം ബസാറിലാണ് യുവാവിനെ നാട്ടുകാര്‍ക്ക് മുന്നിലിട്ട് കുത്തിക്കൊന്നത്. ഉയര്‍ന്ന ജാതിയില്‍ പെട്ട സഞ്ജന യാദവ് എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനായിരുന്നു കൊലപാതകം.2021 ഏപ്രിലിലാണ് നീരജ് പന്‍വാറും സഞ്ജനയും വിവാഹിതരാവുന്നത്. സഞ്ജനയുടെ കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഇരുവരും ഒന്നിച്ചത്.
അടുത്തിടെ ഇരുവരും സഞ്ജനയുടെ നാട്ടിലെത്തിയിരുന്നു. ഇത് സഞ്ജനയുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് നീരജിനെ കൊലപ്പെടുത്താന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 7.30ഓടെ തന്റെ മുത്തച്ഛനുമായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ നീരജിനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കത്തിയും മറ്റ് ആയുധങ്ങളുമായി ഇവര്‍ ഇയാളെ ആക്രമിച്ചു.
ഗുരുതരമായി പരുക്കേറ്റ നീരജിനെ ആശുപതിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. കൊലപാതകത്തിനു ശേഷം സ്ഥലം വിടുന്നതിനിടെ കര്‍ണാടകയില്‍ വച്ച് ഇവരെ പൊലീസ് പിടികൂടി. ഒരു ബസിലാണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. രണ്ട് പേരെ ഇനിയും പിടികൂടാനായിട്ടില്ല.