കശ്മീരിലെ വിവിധയിടങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം താല്‍കാലികമായി നിര്‍ത്തലാക്കി

കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തലാക്കി. ശ്രീനഗറിലെ അഞ്ചാര്‍, ഈദ്ഗാഹ്, ഖമര്‍വാരി, സൗറ, എംആര്‍ ഗങ്, നൗഹത്ത, സഫകടല്‍, ബാഗ്യാസ്, കുല്‍ഗാമിലെ വാപോഹ്, ഖൈമ, പുല്‍വാമയിലെ ലിറ്റര്‍ തുടങ്ങിയ പ്രദേശങ്ങളാണ് നടപടിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

സമീപകാലത്തുണ്ടായ പ്രദേശവാസികളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാസേന മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 11 നാട്ടുകാരാണ് കശ്മീരിലെ വിവിധ പ്രദേശങ്ങളിലായി ഭീകരരാല്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്കാണിത്. തുടര്‍ന്ന് അത്യധികം ജാഗ്രതയിലാണ് സുരക്ഷാസേന.

Loading...

ശനിയാഴ്ച ബിഹാര്‍ സ്വദേശിയായ വഴിയോര കച്ചവടക്കാരനും യുപി സ്വദേശിയായ മരപ്പണിക്കാരനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലും പുല്‍വാമയിലുമാണ് ആക്രമണമുണ്ടായത്. ഈദ്ഗാഹ് പ്രദേശത്ത് ഏകദേശം ഒരു മാസം മുമ്പ് മറ്റൊരു ബിഹാര്‍ സ്വദേശിയും ഭീകരന്‍ വെടിയുതിര്‍ത്തതിന് പിന്നാലെ കൊല്ലപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഒമ്പതിലധികം തവണയാണ് ഏറ്റുമുട്ടിയത്. 13 തീവ്രവാദികളെ ഏറ്റമുട്ടലില്‍ വധിക്കുകയും ചെയ്തു. അതേസമയം സംഘര്‍ഷത്തിനിടെ മലയാളി ഉള്‍പ്പെടെയുള്ള 9 സൈനികരെയും രാജ്യത്തിന് നഷ്ടമായിട്ടുണ്ട്.