വാഷിങ്ടണ്‍: ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും നിര്‍ണായകമായ അധികാരങ്ങളിലൊന്ന് കൈവിട്ട് യുഎസ്. വെബ് ഡൊമെയിനുകള്‍ക്കു പേരിടാനുള്ള (ഡിഎന്‍എസ്) അവകാശമാണ് യുഎസ് പൂര്‍ണമായും ‘ഐകാന്‍’ (ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്ബേഴ്സ്‌ഐസിഎഎന്‍എന്‍) എന്നറിയപ്പെടുന്ന എന്‍ജിഒയ്ക്കു കൈമാറിയത്.
ഒക്ടോബര്‍ ഒന്നു മുതല്‍ ഇതു നിലവില്‍ വരും. 2014നു തന്നെ ഇതു സംബന്ധിച്ച തീരുമാനമെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് യുഎസ് അധികാരം പൂര്‍ണമായും വിട്ടതായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റിലെ ഏറ്റവും സുപ്രധാന നിയന്ത്രണാധികാരത്തെ കൈമാറ്റം ചെയ്യുന്നതു റഷ്യയ്ക്കും ചൈനയ്ക്കുമായിരിക്കും ഗുണം ചെയ്യുകയെന്ന വിമര്‍ശനവുമുണ്ടായിട്ടുണ്ട്.

യുഎസിനാല്‍ സംരക്ഷിക്കപ്പെട്ടിരുന്ന ‘ഡിഎന്‍എസ്’ സംവിധാനത്തില്‍ ഇനി ലോകരാജ്യങ്ങള്‍ കൈകടത്തി സ്ഥാനമുറപ്പിക്കുമെന്നാണു പ്രധാന വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ടെഡ് ക്രൂസ് ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ കത്തും അയച്ചിട്ടുണ്ട്. ഡൊമെയിന്‍ പേരിടലിനെ ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയനു കീഴിലാക്കണമെന്നു റഷ്യയും ചൈനയും നേരത്തേ ആവശ്യപ്പെട്ടിരുന്നതുമാണ്.

അതേസമയം, നെറ്റ്ലോകത്തെ ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളിലൊന്നാണിതെന്ന് ഐടി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ‘ഒരൊറ്റ ലോകം. ഒരൊറ്റ ഇന്റര്‍നെറ്റ്’ എന്ന ‘ഐകാന്‍’ മുദ്രാവാക്യത്തിനു പൂര്‍ണത വന്നത് ഇപ്പോഴാണെന്നും അവര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഡൊമെയിന്‍ പേരിടല്‍ സംവിധാനത്തില്‍ ഈ തീരുമാനം മാറ്റമൊന്നുമുണ്ടാക്കില്ല. ഇനിമുതല്‍ വിവിധ രാജ്യങ്ങളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയുമെല്ലാം ഇടപെടല്‍ ഡൊമെയിന്‍ പേരിടലില്‍ ഉണ്ടാകുമെന്നു മാത്രം. രൂപീകരിക്കപ്പെട്ടതു മുതല്‍ 18 വര്‍ഷമായി ‘ഐകാന്‍’ തന്നെയാണു ഡിഎന്‍എസിന്റെ ചുമതലയിലുണ്ടായിരുന്നത്. അതുവരെ ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്ബേഴ്സ് അതോറിറ്റി (ഐഎഎന്‍എ) ക്കായിരുന്നു ചുമതല.
അതിന്റെ തലപ്പത്തുണ്ടായിരുന്നതാകട്ടെ ‘ഇന്റര്‍നെറ്റിന്റെ ദൈവം’ എന്നറിയപ്പെട്ടിരുന്ന കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ജോണ്‍ പോസ്റ്റെലും. ഐഎഎന്‍എയുടെ അധികാരം 1998ല്‍ ലൊസാഞ്ചല്‍സ് ആസ്ഥാനമായുള്ള ‘ഐകാനി’നു കൈമാറി. പക്ഷേ, യുഎസിന്റെ നാഷനല്‍ ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷനു(എന്‍ടിഐഎ) കീഴിലായിരുന്നു ‘ഐകാനി’ന്റെ പ്രവര്‍ത്തനം. അതായത് ഒരു വെബ്സൈറ്റിനു പേരിടുന്നതില്‍ അവസാന തീരുമാനം ‘പരോക്ഷമായി’ കൈക്കൊണ്ടിരുന്നത് യുഎസ് ആയിരുന്നെന്നര്‍ഥം. എന്നാല്‍ ഇക്കാലത്തിനിടെ യുഎസില്‍ നിന്നു കാര്യമായ സമ്മര്‍ദമൊന്നും പേരിടലിന്റെ കാര്യത്തില്‍ തങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നും ഐകാന്‍ അധികൃതര്‍ പറയുന്നു.

Loading...