കെഎസ്ആര്‍ടിസി നല്‍കുവാനുള്ളത് 140 കോടി രുപ; കുറഞ്ഞ വിലയ്ക്ക് ഡീസല്‍ നല്‍കുവാന്‍ കഴിയില്ലെന്ന് ഐഒസി

ന്യൂഡല്‍ഹി. ബള്‍ക്ക് ഡീസല്‍ ഉപഭോക്താവായ കെഎസ്ആര്‍ടിസിക്ക് ചെറുകിട ഉപഭോക്താവിന് നല്‍കുന്ന വിലയില്‍ ഡീസല്‍ നല്‍കുവാന്‍ കഴിയില്ലെന്ന് ഐഒസി സുപ്രീംകോടതിയെ അറിയിച്ചു. ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഡീസല്‍ വില കൂട്ടിയപ്പോള്‍ ചെറുകിട ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിലയിയില്‍ ഡീസല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ചെറുകിട ഉപഭോക്താവിന് നല്‍കുന്ന വിലയ്ക്ക് ഡീസല്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയാല്‍ അത് ഭരണഘടന വിരുദ്ധമാണ്. ഡീസല്‍ വില നിര്‍ണയത്തില്‍ കോടതിക്ക് അധികാരമില്ലെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഐഒസി പറയുന്നു.

Loading...

വിപണി വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിക്കാണ് ഐഒസിയുടെ മറുപടി. ബള്‍ക്ക് ഉപഭോക്താക്കള്‍ക്കുള്ള പല ആനുകൂല്യങ്ങളും കെഎസ്ആര്‍ടിസി നേരത്തെ സ്വീകരിച്ചിരുന്നു എന്നാല്‍ ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വില കൂട്ടിയപ്പോള്‍ ചെറുകിട ഉപഭോക്താവിന് നല്‍കുന്ന വിലയില്‍ ഡീസല്‍ നല്‍കണമെന്ന് പറയുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഐഒസി പറയുന്നു.

ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വിലകൂട്ടിയ ശേഷം ഐഒസിയില്‍ നിന്നും കെഎസ്ആര്‍ടിസി ഡീസല്‍ വീങ്ങിയിട്ടില്ല. എന്നാല്‍ കെഎസ്ആര്‍ടിസി ചെറുകിട പമ്പുകളില്‍ നിന്നും ഡീസല്‍ വാങ്ങുന്നുണ്ടെന്നും ഐഒസി പറയുന്നു. ഡീസല്‍ വാങ്ങിയ ഇനത്തില്‍ 139.97 കോടി രൂപ കെഎസ്ആര്‍ടിസി നല്‍കുവാനുണ്ട്. ഇതില്‍ പലിശയിനത്തില്‍ 16.61 കോടിരൂപയും ഡീസല്‍ വാങ്ങിയ ഇനത്തില്‍ 123.36 കോടി രൂപയുമാണ് ഉള്ളതെന്നും ഐഒസി കോടതിയെ അറിയിച്ചു.

കരാറിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നത്. തര്‍ക്കം ഉണ്ടങ്കില്‍ അത് ആര്‍ബിട്രേഷനിലൂടെയാണ് പരിഹരിക്കേണ്ടത്. അതിനാല്‍ ഹര്‍ജി തള്ളണമെന്ന് ഐഒസി ആവശ്യപ്പെട്ടു.