ഐപിഎൽ 13ആം സീസൺ സെപ്തംബർ 19ന് ആരംഭിക്കും

ദില്ലി: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വിദേശത്തു നടത്താൻ സർക്കാർ അനുമതി. ഐപിഎൽ 13ആം സീസൺ യുഎഇയിൽ നടത്താൻ കേന്ദ്രം ബിസിസിഐക്ക് അനുമതി നൽകി. സെപ്തംബർ 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ നടക്കുക. 10 ഡബിൾ ഹെഡറുകൾ ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും.

ഐപിഎല്ലിന്‍റെ ചൈനീസ് സ്‌പോൺസറെയും മാറ്റില്ല. ഐപിഎല്‍ സ്പോണ്‍സറായി വിവോ തുടരും. ഐപിഎല്‍ ഭരണ സമിതി യോഗത്തിന്‍റേതാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ തീരുമാനിക്കാൻ നാളെ ഫ്രാഞ്ചൈസികളുമായി യോഗം ചേരും. ഒരു ടീമിൽ പരമാവധി 24 കളിക്കാരാവും ഉണ്ടാകുക. 10 ദിവസം രണ്ടു മത്സരങ്ങൾ വീതം നടക്കും. സെപ്തംബർ 26 മുതൽ നവംബർ 8 വരെ ഐപിഎൽ നടത്താനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നത്. ഒരു ടീമിൽ 24 കളിക്കാരെയാണ് ഉൾപ്പെടുത്താനാവുക. കൊവിഡ് സബ്സ്റ്റിറ്റ്യൂട്ട് സൗകര്യം ടീമുകൾക്ക് ലഭിക്കും. മത്സരങ്ങൾക്കിറ്റയിൽ വേണ്ടത്ര സമയം ലഭിക്കാനാണ് വിൻഡോ ദീർഘിപ്പിച്ചതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചതായി ഖലീജ് ടൈംസ് അറിയിച്ചു.

Loading...

ഇത് രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിന് വേദിയാവുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്ലിലെ ആദ്യഘട്ടത്തില്‍ 20 മത്സരങ്ങള്‍ക്ക് യുഎഇ വേദിയായിരുന്നു. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. അന്താരാഷ്‌ട്ര വിമാന സര്‍വീസിന് പല രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ട്വന്‍റി 20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഐപിഎല്‍ നടത്താനുള്ള നീക്കം ബിസിസിഐ സജീവമാക്കിയത്. ഐപിഎല്ലിനൊപ്പം വനിതകളുടെ ടി-20 ടൂർണമെൻ്റ് കൂടി നടക്കുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലായി തുടർന്നു വരുന്ന വിമൻസ് ടി-20 ചലഞ്ചാണ് ഐപിഎല്ലിനു സമാന്തരമായി നടക്കുക. ഇക്കൊല്ലം നാല് ടീമുകൾ പരസ്പരം ഏറ്റുമുട്ടും. കഴിഞ്ഞ വർഷം രണ്ട് ടീമുകളും അതിനു മുൻപത്തെ വർഷം രണ്ട് ടീമുകളുമായിരുന്നു ഏറ്റുമുട്ടിയത്.