മുംബൈ: മുംബൈ ഇന്ത്യന്‍സിനായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് നിറഞ്ഞാടിയിട്ടും വിജയം കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം. 18 റണ്‍സിനാണ് പഞ്ചാബ് മുംബൈ ഇന്ത്യന്‍സിനെ കീഴടക്കിയത്. പേരുകേട്ട മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് നിര പാതിവഴിയില്‍ത്തന്നെ കൈവിട്ട മല്‍സരം അവസാന ഓവറുകളിലെ വെടിക്കെട്ടു ബാറ്റിങ്ങിലൂടെ വീണ്ടെടുക്കാന്‍ ഹര്‍ഭജന്‍ സിങ്ങും യുവതാരം സുചിത്തും പ്രകടിപ്പിച്ച പോരാട്ട വീര്യത്തെ മറികടന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണിലെ ആദ്യ വിജയം പഞ്ചാബ് സ്വന്തം പേരില്‍ കുറിച്ചത്.
24 പന്തുകളില്‍ നിന്നും അഞ്ചു ബൗണ്ടറികളും ആറു സിക്‌സും നേടിയ ഹര്‍ഭജന്‍ 64 റണ്‍സോടെ അവസാന ഓവറില്‍ പുറത്തായി. സുചിത്ത് 34 റണ്‍സുമായി പുറത്താകാതെ നിന്നു. പഞ്ചാബിനായി മിച്ചല്‍ ജോണ്‍സന്‍, അഷ്‌കര്‍ പട്ടേല്‍, അനുരീത് സിങ് എന്നിവര്‍ രണ്ടും സന്ദീപ് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.
173 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ മുംബൈക്ക് രണ്ടാം പന്തില്‍ത്തന്നെ തിരിച്ചടിയേറ്റു. സന്ദീപ് ശര്‍മയുടെ പന്തില്‍ നായകന്‍ രോഹിത് ശര്‍മ പുറത്ത്. തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്നും മുംബൈയെ കരകയറ്റാന്‍ ഒടുവില്‍ ഹര്‍ഭജന്‍ സിങ്ങും സുചിത്തും വരേണ്ടി വന്നു. ഏഴാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 100 റണ്‍സ്! താരെ(7), ഫിഞ്ച്(8), ആന്‍ഡേഴ്‌സന്‍(5), റായിഡു(13), പൊള്ളാര്‍ഡ്(20) തുടങ്ങിയവരെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച മല്‍സരത്തിനാണ് അവസാന ഓവറുകളില്‍ ഇരുവരും ചേര്‍ന്ന് ജീവന്‍ നല്‍കിയത്. സുചിത്ത് 21 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സും സഹിതം 34 റണ്‍സോടെയും പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയുടെ മിന്നും പ്രകടനമാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. കളിയുടെ അവസാനം വരെ പഞ്ചാബിന്റെ നെടുംതൂണായി നിന്ന ബെയ്‌ലി അര്‍ധസെഞ്ചുറി (പുറത്താകാതെ 61) നേടി. ഓപ്പണര്‍മാരായ മുരളി വിജയും സേവാഗും നല്‍കിയ മികച്ച അടിത്തറയില്‍ നിന്നായിരുന്നു പഞ്ചാബിന്റെ പ്രകടനം.