ഐപിഎസ് നേടിയത് അഞ്ചാമത്തെ പരിശ്രമത്തില്‍, ഇഷ്ടം ഡിക്ടടീവ് നോവല്‍; ചൈത്രയുടേത് കഠിനാദ്വാനത്തിന്റെ ജൈത്രയാത്ര

പോലീസ് സ്റ്റേഷന് കല്ലെറിഞ്ഞ പ്രതികള്‍ക്കായാണ് ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണ്‍ സിപിഎം ജില്ല ഓഫീസ് റെയ്ഡ് ചെയ്തത്. തൊട്ട് പിന്നാലെ ഉദ്യോഗസ്ഥയ്‌ക്കെതിരെ പ്രതികാര നടപടികളുമുണ്ടായി. ഒറ്റ ദിവസംകൊണ്ട് ചൈത്ര സ്റ്റാറാവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഇടത് പക്ഷത്തിനും സര്‍ക്കാരിനുമെതിരെ നിരവധി പേര്‍ രംഗത്തെത്തി. അപ്പോഴും ചൈത്രയുടെ ധീരതയെ പ്രകീര്‍ത്തിക്കാന്‍ ആരും മറന്നില്ല. ഡി.സി.പിയായിരുന്ന ആര്‍.ആദിത്യ ശബരിമല ഡ്യൂട്ടിക്ക് പോയപ്പോള്‍ പകരക്കാരിയായാണ് ചൈത്ര തെരേസ ജോണിന് തിരുവനന്തപുരം ഡി.സി.പി.യുടെ അധിക ചുമതല നല്‍കിയത്.

ചൈത്രയുടെ ഭൂതകാലവും അമ്പരപ്പിക്കുന്നതാണ്. ഐപിഎസ് നേടണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ പടപോരുതിയ യുവതി. 2016 കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയാണ് ചൈത്ര. 2015ല്‍ സിവില്‍ സര്‍വീസില്‍ ചൈത്ര 111-ാം റാങ്ക് നേടി. റാങ്ക് നേടുന്ന സമയം ഇന്‍ഡ്യന്‍ റെയില്‍വേ ട്രാഫിക്ക് സര്‍വീസിലെ ഓഫീസറായിരുന്നു ചൈത്ര. ഒന്നും രണ്ടുമല്ല അഞ്ച് പ്രാവശ്യം പരിശ്രമിച്ചതിന് ശേഷമാണ് ചൈത്ര ഐപിഎസ് നേടിയത്. അഞ്ചു തവണ എഴുത്തു പരീക്ഷ പാസായിരുന്നു. മൂന്നു തവണ ഇന്റര്‍വ്യൂ വരെ എത്തി. മൂന്നാം അവസരത്തിലാണ് ഇവര്‍ ഇന്റര്‍വ്യു പാസാകുന്നത്.

2012ല്‍ 550-ാം റാങ്ക് നേടി ചൈത്രയ്ക്ക് ഐ.ആര്‍.ടി.എസ് ലഭിച്ചിരുന്നു. എന്നാല്‍ 2013ല്‍ പ്രിലിമിനറി പോലും പാസായില്ല. എന്നാല്‍ തോറ്റ് പിന്മാറാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. തുടര്‍ന്ന് 2015 ല്‍ മികച്ച റാങ്കോടെ സിവില്‍ സര്‍വീസ് പാസാകുകയും ചെയ്തു. ഹൈദരാബാദ് ദേശീയ പോലീസ് അക്കാദമിയില്‍ നിന്ന് രണ്ടു മലയാളികളാണ് ആ ബാച്ചില്‍ പുറത്തിറങ്ങിയത്. ചൈത്രയും സുനില്‍ ദാസും.

ബംഗലൂരു ക്രൈസ്റ്റ് കോളേജില്‍ നിന്ന് സൈക്കോളജിയും ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എ സോഷ്യോളജിയും നേടിയ ചൈത്ര സൈക്കോളജിയായിരുന്നു സിവില്‍ സര്‍വീസിന് തെരഞ്ഞെടുത്ത വിഷയം. വായന ഏറെ ഇഷ്ടപ്പെടുന്ന ചൈത്രയേ ഐ.പി.എസിലേയ്ക്ക് ആകര്‍ഷിച്ചത് ഡിറ്റക്റ്റീവ് നോവലുകളായിരുന്നു. കോട്ടയം വയനാട് ജില്ലകളില്‍ ജോലി ചെയ്തിരുന്ന ചൈത്ര തലശ്ശേരി പോലീസ് സബ് ഡിവിഷനിലെ ആദ്യവനിത ഐ.പി.എസ് ഓഫീസറായിു.

ചുമതലയേറ്റ് നാലുമാസം കഴിഞ്ഞപ്പോഴായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്റെയും കൊലപാതകങ്ങള്‍ നടന്നത്. വന്‍ ചര്‍ച്ച ചെയ്യപ്പെട്ട ഈ രണ്ടു കേസുകളുടെയും ചുമതല ഐ.പി.എസ് ചൈത്ര തെരേസ ജോണിനായിരുന്നു. കൂടാതെ ഈ സമയത്തു തന്നെയായിരുന്നു പിണറായിയില്‍ കുടുംബത്തിലെ മൂന്നുപേരെ യുവതി കൊലപ്പെടുത്തിയ സംഭവവും നടന്നത്.