ഉത്ര കൊലക്കേസ് ഇനി ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയം: ഹൈദരാബാദിലെ ഐപിഎസ് പരിശീലന കേന്ദ്രത്തിലെ ഡിജിറ്റൽ ലൈബ്രറിയിൽ കേസ് ഡയറി സൂക്ഷിക്കും

ഉത്ര കൊലക്കേസ് ഇനി ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയം. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഉത്രകൊലക്കേസ് ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. പാമ്പിനെ ആയുധമാക്കി നടത്തിയ അപൂർവ കൊലപാതകം എന്ന നിലയിൽ ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ച കേസാണിത്. ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയ രീതിയും അന്വേഷണ വഴികളും ഡിജിറ്റൈസ് ചെയ്യുന്നതിനു ഇപ്പോൾ തന്നെ തുടക്കമായി. രണ്ടായിരത്തിലേറെ പേജുകൾ ഉള്ള കുറ്റപത്രമാണ് ഉത്ര വധക്കേസിൽ കോടതിയിൽ സമർപ്പിച്ചത്.

കേസ് ഡയറിയിലെ പ്രസക്ത ഭാഗങ്ങൾ ഇംഗ്ലിഷിലാക്കി ഡിജിറ്റൈസ് ചെയ്ത് നാഷനൽ പൊലീസ് അക്കാദമിക്ക് കൈമാറും. ഹൈദരാബാദിലെ ഐപിഎസ് പരിശീലന കേന്ദ്രത്തിലെ ഡിജിറ്റൽ ലൈബ്രറിയിൽ കേസ് ഡയറി സൂക്ഷിക്കും. മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഡിജിപി ലോക്നാഥ് ബെഹ്റയും കൊല്ലം റൂറൽ എസ്പി ഹരിശങ്കറും പങ്കെടുത്ത യോഗത്തിൽ റിപ്പോർട്ട് വിവരങ്ങൾ കൈമാറി. ഐപിഎസ് ട്രെയിനികളാണ് വിവരങ്ങൾ ക്രോഡീകരിക്കുന്നത്. ഭാഷാമാറ്റം നടത്താൻ വിദഗ്ധരെയും നിയോഗിച്ചു.

മേയ് ആറിനായിരുന്നു ഉത്രയുടെ മരണം. ഭർതൃ വീട്ടിൽ ഉത്രയെ ബോധരഹിതയായി കണ്ടെത്തുകയും പിന്നീട് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഉത്രയുടെ മരണം പാമ്പു കടിയേറ്റതു കാരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽലവ്യക്തമായത്. ഇടതു കയ്യിൽ രണ്ടു പ്രാവശ്യം പാമ്പു കടിച്ചുവെന്നും വിഷാംശം നാഡീവ്യൂഹത്തിനെ ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. ഫോൺ രേഖകളും മറ്റ് ശാസ്‌ത്രീയ തെളിവുകളുമാണ് സൂരജിനു തിരിച്ചടിയായത്. ആറ് മാസത്തിനിടെ സൂരജിന് പാമ്പ് പിടിത്തക്കാരുമായി ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയിരുന്നു.

Loading...