ലോകത്തിന്റെ അഭ്യര്‍ത്ഥന ഇറാന്‍ ചെവിക്കൊണ്ടില്ല, ഗുസ്തി താരം നവിദ് അഫ്കാരിയുടെ വധ ശിക്ഷ നടപ്പാക്കി

ടെഹ്‌റാന്‍: ലോകത്തിന്റെ അഭ്യര്‍ത്ഥന ഇറാന്‍ ചെവിക്കൊണ്ടില്ല, ഗുസ്തി താരം നവിദ് അഫ്കാരിയുടെ വധ ശിക്ഷ നടപ്പാക്കി. ഇറാന്റെ സുരക്ഷ ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. 2018ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ഇടെ ഇറാന്റെ തെക്ക് ഭാഗത്തുള്ള പട്ടണമായ ഷിറാസില്‍ വെച്ചായിരുന്നു സംഭവം.അഫ്കാരിയുടെ കൂടെ പ്രതിചേര്‍ക്കപ്പെട്ട സഹോദരങ്ങളായ വഹീദിന് 54ഉം ഹബീബിന് 27ഉം വര്‍ഷം വീതം തടവ് വിധിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം നിയമ നടപടികള്‍ പൂര്‍ത്തി ആക്കിയ ശേഷം പ്രാദേശിക സമയം ഇന്നലെ രാവിലെ അഫ്കാരിയെ വധിച്ചു എന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്കാരിയ്‌ക്കെതിരെ വധശിക്ഷ വിധിച്ചത് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിവിധ കായിക സംഘടനകളുമെല്ലാം അഫ്കാരിയെ വധിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു.

Loading...

അതേസമയം അഫ്കാരി കുറ്റം ചെയ്തതില്‍ തെളിവില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു. തന്നെ പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് നേരത്തേ അഫ്കാരി പറഞ്ഞിരുന്നെങ്കിലും കോടതി തള്ളി.