ശിരോവസ്ത്രം തലയില്‍നിന്നൂരി കാറ്റില്‍ പറത്തി; വീട്ടമ്മയ്ക്ക് 20 വര്‍ഷം തടവുശിക്ഷ

ടെഹ്‌റാന്‍: തലയില്‍ നിന്നൂരിയ ശിരോവസ്ത്രം കാറ്റില്‍ പറത്തി ഇറാനില്‍ വീട്ടമ്മയ്ക്ക് ലഭിച്ചത് 20 വര്‍ഷത്തെ തടവുശിക്ഷ. ശിരോവസ്ത്രം തലയില്‍ നിന്നൂരി കമ്പില്‍ കുത്തി കാറ്റില്‍ പറത്തിയതിനാണ് ഷപാര്‍ക്ക് ഷജാരിസദേ എന്ന 42വയസുകാരി വീട്ടമ്മയെ ശിക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് സംഭവം നടന്നത്. ടെഹ്‌റാനിലെ നഗരകേന്ദ്രത്തിലുള്ള ട്രാഫിക് ഐലന്‍ഡില്‍ക്കയറി ഷജാരിസദേയുടെ നടത്തിയ സ്വാതന്ത്ര്യപ്രഖ്യാപനമാണ് കേസായത്. പക്ഷേ സമാധാനത്തിന്റെ വെള്ളപ്പതാക തെരുവില്‍നിന്ന് വീശിയതിനാണ് താന്‍ ശിക്ഷിക്കപ്പെട്ടതെന്നാണ് അവര്‍ തന്റെ വെബ്‌സൈറ്റില്‍ കുറിച്ചത്.

അഴിമതിയും വേശ്യാവൃത്തിയുമാരോപിച്ചാണ് ഷജാരിസദേയെ അറസ്റ്റ് ചെയ്തിരുന്നത്. ഏപ്രിലില്‍ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും പിന്നീട് അവര്‍ എവിടെയാണെന്ന കാര്യത്തില്‍ യാതൊരു അറിവുമുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച ഷജാരിസദേ തന്റെ വെബ്‌സൈറ്റില്‍ താന്‍ ശിക്ഷിക്കപ്പെട്ടുവെന്ന് അറിയിച്ചിരുന്നു. ഇപ്പോഴവരുടെ വിശദാംശങ്ങള്‍ അറിവിലില്ല. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇറാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഏപ്രിലില്‍ ജാമ്യത്തില്‍ പുറത്തായ ഉടന്‍ ട്വിറ്ററിലൂടെ നല്‍കിയ വീഡിയോ സന്ദേശത്തില്‍ രാജ്യത്ത് തുടരുന്നത് സുരക്ഷിതമല്ലെന്നും രാജ്യം വിടുകയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും പിന്നീട് സ്ഥിരീകരണമുണ്ടായിട്ടില്ല. ശിരോവസ്ത്രം ഊരിയെറിഞ്ഞതിന് ഫെബ്രുവരിയില്‍ 29 പേരെ ഇറാനിയന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെളുത്ത ബുധനാഴ്ചയെന്ന കാമ്പയിനിന്റെ ഭാഗമായാണ് ഇവര്‍ ശിരോവസ്ത്ര ബഹിഷ്‌കരണം നടത്തിയത്.

ഷജാരിസദേയ്ക്കും അറസ്റ്റിലായ മറ്റ് വനിതകള്‍ക്കും വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ നസ്രീന്‍ സോറ്റുഡേയെ കഴിഞ്ഞമാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം നിലവില്‍ വന്ന ഡ്രസ് കോഡ് അനുസരിച്ച് 13 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ തലമുതല്‍ പാദം വരെ മൂടുന്ന വസ്ത്രം ധരിച്ചിരിക്കണം. ശരീരത്തിന്റെ അളവുകള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണവും പാടില്ല. ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം റിയാല്‍ പിഴയും രണ്ടുമാസംവരെ തടവുമാണ് ശിക്ഷ.

വാഹനത്തിലും മറ്റും യാത്രചെയ്യുമ്‌ബോള്‍ ശിരോവസ്ത്രം ധരിക്കാതിരിക്കുന്നതും ശിരോവസ്ത്രം മാറിക്കിടക്കുന്നതും ശിക്ഷാര്‍ഹമാണ്. 2015ല്‍ മാത്രം നാല്‍പ്പതിനായിരത്തോളം ഇത്തരം കേസുകള്‍ കണ്ടെത്തിയതായി ട്രാഫിക് പൊലീസ് പറഞ്ഞിരുന്നു. പിഴയോ താക്കീതോ നല്‍കി വിടുകയാണ് ഇത്തരം സംഭവങ്ങളില്‍ പൊലീസ് ചെയ്യാറുള്ളത്.

Top