സൗദിക്ക് വന്‍ തിരിച്ചടി വരുന്നു; മുന്നറിയിപ്പുമായി ഇറാന്‍

തെഹ്‌റാന്‍: സൗദി അറേബ്യയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. നിലവില്‍ നേരിടുന്നതിനേക്കാള്‍ ശക്തമായ തിരിച്ചടി വരാനിരിക്കുന്നുവെന്നാണ് ഭീഷണി. യമനിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. യമനില്‍ സൗദി സഖ്യസൈന്യം വന്‍ മുന്നേറ്റം നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാന്‍ രംഗത്തുവന്നിരിക്കുന്നത്.

യമനിലെ ഹൂത്തി വിമതരെ ഇറാന്‍ സഹായിക്കുന്നുവെന്നത് നേരത്തെയുള്ള ആരോപണമാണ്. അതിനിടെയാണ് അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യവും ചോദ്യം ചെയ്യപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് സൗദിയിലെത്തിയിട്ടുണ്ട്. യമനില്‍ സൗദിയെ കാത്തിരിക്കുന്നത് കനത്ത നാശമാണെന്ന് ഇറാനിലെ പ്രമുഖ നേതാവ് അലി അക്ബര്‍ വിലായത്തി താക്കീത് ചെയ്യുന്നു. ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇയുടെ മുതിര്‍ന്ന് സഹായിയാണ് വിലായത്തി. യമനില്‍ സൗദി സഖ്യം വിജയം നേടുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി.

ഇറാന്റെ താക്കീത് വന്നതിന് പിന്നാലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മിന്നല്‍ സന്ദര്‍ശനത്തിനായി സൗദിയിലെത്തി. യമനിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. പ്രസിഡന്റ് ട്രംപിന്റെ മരുമകനും വൈറ്റ്ഹൗസിലെ ഉന്നത ഉപദേഷ്ടാവുമായ ജറദ് കുഷ്‌നറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൗദിയിലെത്തിയിരിക്കുന്നത്. യമനിലെ തന്ത്ര പ്രധാനമായ അല്‍ ഹുദൈദ തുറമുഖത്താണ് സൗദി സഖ്യസേനയും ഹൂത്തി വിമതരും തമ്മിലുള്ള പോരാട്ടം നടക്കുന്നത്. ഹുദൈദയിലെ വിമാനത്താവളത്തിന്റെ നിയന്ത്രണം സൗദി സഖ്യസേനക്ക് ലഭിച്ചു. ഈ മേഖലയില്‍ നിന്ന് ഹൂത്തികള്‍ പിന്‍മാറിയിട്ടുണ്ട്. എന്നാല്‍ ഇത് വിജയമായി കാണേണ്ടെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂത്തികളും അറിയിച്ചു.

സൗദി സഖ്യസേനയിലെ പ്രധാന ജിസിസി രാജ്യമാണ് യുഎഇ. കൂടാതെ യമനിലെ ചില പ്രാദേശിക സംഘങ്ങളും സൗദിക്ക് വേണ്ടി പോരാടുന്നുണ്ട്. അമേരിക്കന്‍ സൈന്യം രഹസ്യമായി സഹായിക്കുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. എന്ത് സംഭവിച്ചാലും ഹൂത്തികള്‍ വിജയം നേടുമെന്ന് അലി വിലായത്തി വ്യക്തമാക്കി. യമനിലെ പ്രധാന ശക്തിയാണ് ഹൂത്തികള്‍. മൂന്ന് വര്‍ഷമായി ഇവര്‍ക്കെതിരെ സൗദി സഖ്യം യുദ്ധം ചെയ്യുന്നു. ഇപ്പോഴും ഹൂത്തികളെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് മാത്രമല്ല, ഹൂത്തികള്‍ മുമ്പത്തേക്കാള്‍ ശക്തരുമാണ്. യുദ്ധം തുടര്‍ന്നാണ് കൂടുതല്‍ തിരിച്ചടി സൗദിക്ക് നേരിടേണ്ടി വരും- വിലായത്തി പറഞ്ഞു.

അതേസമയം, യമനില്‍ അമേരിക്കന്‍ സൈന്യത്തിന് എന്താണ് പങ്കെന്ന ചോദ്യവുമായി അമേരിക്കന്‍ പാര്‍ലമെന്റംഗങ്ങള്‍ രംഗത്തെത്തി. സെനറ്റര്‍മാരായ മൈക്ക് ലീയും ബെര്‍ണി സാന്‍ഡേഴുമാണ് പെന്റഗണിന് ഇക്കാര്യം ചോദിച്ച് കത്തയച്ചിരിക്കുന്നത്. അമേരിക്കയുടെ നീക്കം പരസ്യമാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ശക്തമായ യുദ്ധത്തിനാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നീക്കം തുടങ്ങിയിരിക്കുന്നത്. യമനിലെ ഹുദൈദ തുറമുഖത്ത് നിന്ന് ഹൂത്തി വിമതരെ തുരത്താന്‍ ബോംബാക്രമണം തുടരുകയാണ്. യമനിലെ സര്‍ക്കാര്‍ സൈന്യത്തിന് എല്ലാ പിന്തുണയും നല്‍കി സൗദിയുടെയും യുഎഇയുടെയും സൈന്യമാണ് വ്യോമാക്രമണം നടത്തുന്നത്.

Top