രാഷ്ട്രീയ ലോകത്ത് അനുഭവസമ്പത്തില്ലാത്തയാളാണ് ഡോണൾഡ് ട്രംപെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി

ടെഹ്‌റാൻ: രാഷ്ട്രീയ ലോകത്ത് അനുഭവസമ്പത്തില്ലാത്തയാളാണ് ഡോണൾഡ് ട്രംപെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി. അനുഭവസമ്പത്തില്ലാത്ത ഇത്തരം രാഷ്ട്രീയക്കാരാണു മറ്റു രാജ്യങ്ങളിൽനിന്നുള്ളവർക്കു വീസ നിഷേധിക്കുന്നതെന്നും ഹസ്സൻ റൂഹാനി പറഞ്ഞു. രാഷ്ട്രീയ ലോകത്തില്ലാതിരുന്ന അവർ പുതുമുഖങ്ങളാണ്. ഏഴു രാജ്യങ്ങളിൽനിന്നുള്ളവർക്കു വിലക്കേർപ്പെടുത്തിയ ട്രംപിന്റെ നടപടിയെത്തുടർന്നാണു റൂഹാനിയുടെ വിമർശനം.മറ്റൊരു ലോകത്തുനിന്നുവന്ന് അവർക്കും മറ്റുള്ളവർക്കും ദ്രോഹം വരുത്തിവയ്ക്കുകയാണ് ഇങ്ങനെയുള്ളവർ. യുഎസിന്റെ കപടവേഷമാണു ട്രംപിന്റെ വിലക്കു നടപടിയോടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. ഇറാൻ ഭരണകൂടത്തോടാണ് എതിർപ്പ്, ജനതയോടല്ലെന്നായിരുന്നു ഇതുവരെ യുഎസ് നിലപാട്. എന്നാൽ, അവരുടെ ഹൃദയത്തിനുള്ളിൽ എന്താണുള്ളതെന്ന് ഇപ്പോൾ വെളിവായി, റൂഹാനി കൂട്ടിച്ചേർത്തു.ഇറാനേക്കൂടാതെ ലിബിയ, സുഡാൻ, സൊമാലിയ, സിറിയ, ഇറാഖ്, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് യുഎസിൽ പ്രവേശിക്കാൻ മൂന്നുമാസത്തെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്