ശ്രീഹരിക്കോട്ട: സ്വന്തം ഗതിനിര്‍ണയ സംവിധാനമെന്ന ഇന്ത്യയുടെ സ്വപ്‌നം യാഥാര്‍ഥ്യമാകുവാന്‍ ഇനി മൂന്നു കണ്ണികള്‍ കൂടി കൂട്ടി ചേര്‍ത്താല്‍ മതി. ഈ വിഭാഗത്തിലെ നാലാം കണ്ണിയും ബഹിരാകാസത്ത് സുരക്ഷിതമായി എത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്‌എസ്1 ഡി ശ്രീഹരിക്കോട്ടയില്‍ നിന്നു കഴിഞ്ഞദിവസം വിജയകരമായ വിക്ഷേപിച്ചു. ഗതിനിര്‍ണയ വിഭാഗത്തില്‍പ്പെട്ട നാലാമത്തെ ഉപഗ്രഹമാണിത്. ഈ ഉപഗ്രഹ വിക്ഷേപണ വിജയത്തോടെ ഗതിനിര്‍ണയ സംവിധാനം താല്‍കാലികമായി പ്രവര്‍ത്തനക്ഷമമാവും.
മൊത്തം ഏഴ് ഉപഗ്രഹങ്ങളാണ് ഈ ഗതിനിര്‍ണയ സംവിധാനത്തിലുള്ളത്. ബാക്കിയുള്ള മൂന്ന് ഉപഗ്രഹങ്ങളും ഈ വര്‍ഷം തന്നെ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു വൈകിട്ട് 5.19നായിരുന്നു വിക്ഷേപണം. ഇതോടെ അമേരിക്കയുടെ ഗതിനിര്‍ണയ സംവിധാനമായ ജിപിഎസിനുള്ള ഇന്ത്യന്‍ ബദലാണ് നിലവില്‍ വരുന്നത്.
പിഎസ്‌എല്‍പി സി 27 ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്. ഏഴ് ഉപഗ്രഹങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ ആദ്യ മൂന്ന് ഉപഗ്രഹങ്ങള്‍ നേരത്തേ വിക്ഷേപിച്ചിരുന്നു. ഐആര്‍എന്‍എസ്‌എസ്– ഒന്ന് എ 2013 ജൂലൈ ഒന്നിനും, ഒന്ന് ബി 2014 ഏപ്രില്‍ രണ്ടിനും, ഒന്ന് സി 2014 ഒക്‌ടോബര്‍ 17 നുമാണു വിക്ഷേപിച്ചത്.
നാല് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു കഴിഞ്ഞാല്‍ ഗതിനിര്‍ണയ സംവിധാനം പ്രവര്‍ത്തനക്ഷമമാവും. കപ്പല്‍ ഗതാഗതം, വ്യോമഗതാഗതം, ദുരന്തനിവാരണം, മൊബൈല്‍ ഫോണ്‍ വഴിയുള്ള നാവിക നിയന്ത്രണം എന്നിവയ്ക്കു പുറമെ ദുരിതാശ്വാസ പ്രവര്‍ത്തനം, സൈനിക വിന്യാസം അടക്കമുള്ള വിവിധ മേഖലകളില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ഐആര്‍എന്‍എസ്‌എസിനു കഴിയും. രാജ്യവും ചുറ്റുമുള്ള 1500 കിലോമീറ്റര്‍ ഭാഗവും ഐആര്‍എന്‍എസ്‌എസിന്റെ പരിധിയില്‍ വരും.
ഇതോടെ പാക്കിസ്‌ഥാന്‍, ചൈന, ഇന്ത്യന്‍മഹാസമുദ്ര ഭാഗങ്ങളും ഇന്ത്യയുടെ കീഴിലാകും. യുഎസിന്റെ ജിപിഎസ്, റഷ്യയുടെ ഗ്ലോനാസ്, യൂറോപ്യന്‍സ് സ്‌പേസ് ഏജന്‍സിയുടെ ഗലീലിയോ എന്നിവയാണു നിലവില്‍ ലോകത്തെ പ്രധാന ഗതിനിര്‍ണയ സംവിധാനങ്ങള്‍.