വ്യാജ ഐആര്‍എസ്‌ ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പ്‌

ഫ്ലോറിഡ: ഇന്ത്യയിലെ കോള്‍ സെന്ററുകളില്‍ നിന്നും അമേരിക്കയിലെ നികുതിദായകര്‍ക്ക്‌ ഐ.ആര്‍എസ്‌ ഓഫിസേഴ്സാണെന്ന്‌ സ്വയം പരിചയപ്പെടുത്തി. നിരവധി ഫോണ്‍ കേളുകള്‍ ലഭിക്കുന്നതായി വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2015 ലെ ടാക്‌സ്‌ അടയ്ക്കേണ്ട സമയമായതിനാല്‍ നികുതിദായകര്‍ ടാക്‌സ്‌ ഫയല്‍ ചെയ്‌തതില്‍ ക്രമക്കേടുണ്ടെന്നും ഉടനെ ഫൈന്‍ അടയ്ക്കണം എന്നാവശ്യപ്പെട്ടാണ്‌ ഫോണ്‍ ലഭിക്കുന്നത്‌. അടച്ചില്ലെങ്കില്‍ അടുത്ത പൊലീസ്‌ സ്‌റ്റേഷനില്‍ നിന്നും ഓഫീസര്‍ എത്തി അറസ്‌റ്റ്‌ ചെയ്യുമെന്നുളള ഭീഷണിയും ലഭിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

Loading...

നാളിതുവരെ 366,000 നികുതിദായകര്‍ ഇവരുടെ ചതിയില്‍ അകപ്പെട്ടിട്ടുണ്ടെന്നും, 15.5 മില്യണ്‍ ഡോളര്‍ ഇവരില്‍ നിന്നും തട്ടിച്ചെടുത്തിട്ടുണ്ടെന്നും. സെനറ്റ്‌ ഫിനാന്‍സ്‌ കമ്മറ്റിയുടെ മേശ പുറത്ത്‌ വെച്ച ഫെഡറല്‍ ഇന്‍വെസ്‌റ്റി ഗേറ്റേഴ്സിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചരിത്രത്തില്‍ ആദ്യമായാണ്‌ ഐ.ആര്‍എസ്‌. വ്യാജഫോണ്‍ കോളുകള്‍ ഇത്രയും വര്‍ദ്ധിച്ചതെന്ന്‌ ട്രഷറി ഡെപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍, ജനറല്‍ തിമോത്തി കാമസ്‌ പറഞ്ഞു. ചതിയില്‍ അകപ്പെടുന്നവര്‍ പലരും പരാതിയുമായി അധികൃതരെ സമീപിക്കുന്നില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്‌ളോറിഡായില്‍ നിന്നും 2 പേരെ ഈയ്യിടെ ഇതു സംബന്ധിച്ചു അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

ഐ.ആര്‍.എസ്‌. ഓഫീസില്‍ നിന്നും ആരേയും ഫോണില്‍ വിളിച്ച്‌ വിവരം അറിയ്ക്കാറില്ലെന്നുളളത്‌ പൊതു ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്‌. ഇനിയും ഇത്തരം കോളുകള്‍ ലഭിച്ചാല്‍ അത്‌ അവഗണിക്കുകയോ, വിളിച്ച നമ്പര്‍ അടുത്ത പൊലീസ്‌ സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയോ വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി.