ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍-ബാഗ്ദാദി മരിച്ചുവെന്ന് ഇറാന് റേഡിയോ സ്ഥിരീകരിച്ചതിന് പിന്നാലെ ബാഗ്ദാദി മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് പത്രമായ ഗാര്ഡിയന്. ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമുള്ള സ്രോതസ്സുകളെ ഉദ്ധരിച്ചാണ് ബാഗ്ദാദി മരിച്ചിട്ടില്ലെന്നും നട്ടെല്ലിന് ക്ഷതമേറ്റ് അജ്ഞാതകേന്ദ്രത്തില്‍ ചികിത്സയിലാണെന്നും ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൊസൂളില്‍നിന്ന് ഒളിസങ്കേതത്തില്‍ എത്തിയ രണ്ട് ഡോക്ടര്‍മാരാണ് ബാഗ്ദാദിയെ ചികിത്സിക്കുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് യുഎസിന്റെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തിലാണ് ബാഗ്ദാദിക്ക് ഗുരുതരമായി പരുക്കേറ്റത്. അതേസമയം ഐഎസിന്റെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ബാഗ്ദാദിക്ക് ഇനി സാധിക്കില്ലെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ഗാര്ഡിയന് പത്രം സ്ഥിരീകരിക്കുന്നു. ഏറെ കാലമായി ബാഗ്ദാദിക്കൊപ്പമുണ്ടായിരുന്ന അബു അലാ അഫ്രിയാണ് ഇപ്പോള്‍ ഐഎസിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കി നടത്തുന്നത്. അനൗദ്യോഗികമായി ഇപ്പോള്‍ ഐഎസിന്റെ തലവന്‍ ഇയാളാണ്.
ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളെ പെന്റഗണും നിഷേധിച്ചിരുന്നു. അതേസമയം തങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ബാഗ്ദാദിക്ക് പരുക്കേറ്റെന്ന കാര്യം പെന്റഗണ്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.മൊസൂളിലെ ആശുപത്രിയില്‍നിന്നുള്ള വനിതാ റേഡിയോളജിസ്റ്റും പുരുഷ സര്‍ജനുമാണ് ബാഗ്ദാദിയെ ചികിത്സിക്കുന്നത്. എന്ത് രോഗത്തിനാണ് ചികിത്സിക്കുന്നതെന്നും എവിടെവെച്ചാണ് ചികിത്സിക്കുന്നതെന്നും ഐഎസിന്റെ ഏറ്റവും തലപ്പത്തുള്ള കുറച്ച് ആളുകള്‍ക്ക് മാത്രമെ വിവരമുള്ളു. ബാക്കി എല്ലാവരിലുംനിന്നു തന്നെ ബാഗ്ദാദിയെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു വെച്ചിരിക്കുകയാണ്.
നിലവിലെ ഐഎസ് തലവനായ അഫ്രി ഫിസിക്സ് പ്രൊഫസറായിരുന്നു.ഏറെ നാളുകളായി ഐഎസില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ഇയാള്‍. ഏപ്രില്‍ 2010ല്‍ ഐഎസിന്റെ തലവനായിരുന്ന അബു ഒമര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടപ്പോള്‍ പിന്തുടര്ച്ചക്കാരനായി ഉയര്‍ന്നു കേട്ടത് അഫ്രിയുടെ പേരായിരുന്നു. എന്നാല്‍ പുറംലോകത്തിന് അറിഞ്ഞ് കൂടാത്ത കാരണത്താല്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഐഎസ് തലപ്പത്തെത്തി. 2013 മുതലാണ് ബാഗ്ദാദി കുപ്രസിദ്ധനായി തുടങ്ങിയത്. സിറിയന്‍ ആഭ്യന്തര കലാപങ്ങളിലുള്ള ഐഎസ് ഇടപെടീലുകളും ക്രൂരതകളുമാണ് ഇയാളെ മാധ്യമശ്രദ്ധയിലേക്ക് കൊണ്ടു വന്നത്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ മൊസൂള്‍, തിക്രിത്, അന്‍ബര്‍, നിനവെ തുടങ്ങിയ നഗരങ്ങളുടെ സ്വയം പ്രഖ്യാപിത ‘ഖലീഫ’യായിരുന്നു അല്‍ ബാഗ്ദാദി.
അല്‍ ബാഗ്ദാദിയെ പരുക്കേല്‍പ്പിച്ച പാശ്ചാത്യ ശക്തികളോട് പകരം വീട്ടാനുള്ള തയാറെടുപ്പ് ഐഎസ് നടത്തി കൊണ്ടിരിക്കുകയാണെന്ന് ഐഎസിനുള്ളില് പ്രവര്‍ത്തിക്കുന്ന തീവ്രവാദിയെ ഉദ്ധരിച്ച് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഐഎസ് തീവ്രവാദികള്‍ ആരും തന്നെ സാങ്കേതിക മികവുള്ള ഒരു ഉപകരണവും ഉപയോഗിക്കാത്തതിനാല്‍ അവരെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ യുഎസ് ഉള്‍പ്പെടെയുള്ള വന്‍ ശക്തികള്‍ക്കൊന്നും സാധിച്ചിട്ടില്ല.