ന്യൂയോര്‍ക്ക്: ഒബാമയുടെ തലവെട്ടും, അമേരിക്കയെ മൊത്തം മുസ്ലീം രാജ്യമാക്കുമെന്നുമുള്ള ഭീഷണികള്‍ക്കു പിന്നാലെ അമേരിക്കക്കാര്‍ക്ക് ഭൂമിയില്‍ സുരക്ഷിതത്വമുണ്ടാവില്ലെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്‌ഐഎസ്) വീഡിയോ പുറത്തുവന്നു. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചതിന് സമാനമായ ആക്രമണം അമേരിക്കയ്ക്കെതിരെ ഇനിയും ഉണ്ടാവുമെന്നും വീഡിയോയില്‍ പറയുന്നു.
എതിരാളികളെ തലവെട്ടുന്നതും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പോര്‍മുഖത്ത് ആക്രമണത്തില്‍ പങ്കെടുക്കുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ഖിലാഫത്തിന്റെ ശക്തി എടുത്തുകാട്ടുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. മാര്‍ച്ച് പത്തിനാണ് വീഡിയോയില്‍ തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. പതിനൊന്ന് മിനിട്ടുള്ള വീഡിയോയ്ക്ക് പേര് നല്‌കിയിരിക്കുന്നത് ഞങ്ങള്‍ അമേരിക്കയെ കത്തിക്കും എന്നാണ്. അമേരിക്കയെ ലക്ഷ്യമാക്കുന്ന ആദ്യ വീഡിയോ അല്ല ഇത്. പ്രസിഡന്റ് ബരാക് ഒബാമയുടെ ശിരശ്‌ഛേദം നടത്തുമെന്നും അമേരിക്കയെ മുസ്ലീം രാജ്യമാക്കുമെന്നും പറയുന്ന വീഡിയോ ജനുവരിയില്‍ പുറത്തുവിട്ടിരുന്നു ഇസ്ലാമിക് സ്റ്റേറ്റ്.
ഭൂമിശാസ്ര്‌തപരമായ പ്രത്യേകത കൊണ്ട് സുരക്ഷിതരാണെന്നാണ് അമേരിക്കക്കാരുടെ ധാരണ. അതിനാല്‍ അവര്‍ മുസ്ലീം രാജ്യങ്ങളെ ആക്രമിക്കുകയും ജിഹാദ് അവരുടെ രാജ്യത്ത് എത്തില്ലെന്ന് കരുതുകയും ചെയ്യും. എന്നാല്‍ ഈ സ്വപ്‌നങ്ങളൊക്കെ മരീചിക മാത്രമാണ്. ഇന്ന് ഭൂമിയില്‍ അമേരിക്കക്കാര്‍ക്ക് സുരക്ഷിതത്വമില്ല~ വീഡിയോയില്‍ പറയുന്നു.
അമേരിക്കക്കാര്‍ക്ക് മറുപടി നല്‌കേണ്ട കാലമെത്തിരിക്കുകയാണ്. അള്ളാഹുവിന്റെ കാരുണ്യം കൊണ്ട് മുജാഹിദീനുകള്‍ക്ക് ഇന്ന് കൂടുതല്‍ ശക്തിയുണ്ട്. കൂടുതല്‍ സ്രോതസുകളുമുണ്ട് എന്നും അവര്‍ അവകാശപ്പെടുന്നു.