ഗോവ: ആവേശത്തിന് മീതെ അത്ഭുതങ്ങളുടെ പകര്‍ന്നാട്ടം കണ്ട ഫൈനലില്‍ അവസാന വിജയം ചെന്നൈയിന്. വെള്ളപ്പൊക്കത്തെ അതിജീവിച്ച ഒരു നാടിനെ പ്രതിനിധീകിച്ചുവന്ന ചെന്നൈയിന്‍ എഫ്.സി പോയിന്റ് പട്ടികയിലെ ഏറ്റവും അവസാനസ്ഥാനത്ത് നിന്നാണ് കിരീടത്തിലേയ്ക്ക് അത്ഭുതകുതിപ്പ് നടത്തിയത്.

കലാശപ്പോരാട്ടത്തില്‍ തൊണ്ണൂറാം മിനിറ്റ് വരെ തോല്‍വി നുണഞ്ഞു കഴിഞ്ഞവര്‍ ആതിഥേയരായ ഗോവയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് തോല്‍പിച്ചത്. ഒരു പെനാല്‍റ്റി തുലച്ച ചെന്നൈ ഒരു സെല്‍ഫ് ഗോളിന്റെയും സ്റ്റീവന്‍ മെന്‍ഡോസയെ ആക്രമണകാരിയുടെ ശൗര്യത്തിന്റെയും ബലത്തിലാണ് കിരീടം സ്വന്തമാക്കിയത്.

Loading...

തുടക്കത്തില്‍ തന്നെ ഡുഡുവിനെ പരിക്ക്മൂലം നഷ്ടപ്പെട്ട് പതറിയ ഗോവയ്‌ക്കെതിരെ ബ്രൂണോ പെലിസ്സാരിയാണ് ചെന്നൈയിനെ ആദ്യം മുന്നിലെത്തിച്ചത്. നാല് മിനിറ്റിനുള്ളില്‍ മനോഹരമായ പകരക്കാരന്‍ ഹാവോകിപ് ഗോവയെ ഒപ്പമെത്തിച്ചു. 62-ാം മിനിറ്റില്‍ മെന്‍ഡോസയുടെ ഒരു പെനാല്‍റ്റി തടഞ്ഞ ഗോളി കട്ടിമണി, എന്നാല്‍, 90-ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോള്‍ വഴങ്ങി. അവിശ്വസനീയമായി ഒപ്പമെത്തിയ ചെന്നൈയിന് ഒരു മിനിറ്റിനുള്ളില്‍ ലക്ഷ്യം കണ്ട് സ്റ്റീവന്‍ മെന്‍ഡോസ കിരീടം സമ്മാനിച്ചു.

54-ാം മിനിറ്റില്‍ ബോക്‌സിലേയ്ക്ക് കുതിച്ച സ്റ്റീവന്‍ മെന്‍ഡോസയെ തടയാനുള്ള പ്രണോയ് ഹാല്‍ദാറിന്റെ ശ്രമമാണ് ചെന്നൈയിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. പെലിസ്സാരിയെടുത്ത പെനാല്‍റ്റി ആദ്യം ഗോളി കട്ടിമണി വലത്തോട്ട് ചാടി തടഞ്ഞെങ്കിലും റീബൗണ്ട് അടിച്ചകറ്റാന്‍ ആരുമുണ്ടായില്ല. പെലിസ്സാരി അനായാസമായി ഓടിയെത്തി വല കുലുക്കി.

എന്നാല്‍, ചെന്നൈയിന്റെ ആഹ്ലാദം ഏറെ നേരം നീണ്ടുനിന്നില്ല. പ്രണോയ് ഹാല്‍ദാറിന്റെ തന്റെ വലതു വിംഗില്‍ നിന്ന് ചെന്നൈയിന്‍ പ്രതിരോധത്തെ പാടെ കീറിമുറിച്ച് കൊടുത്ത ക്രോസ് പിഴവു കൂടാതെ കണക്റ്റ് ചെയ് പകരക്കാരന്‍ തോറ്റ്‌ഗോഷ്യം ഹാവോകിപ് ഗോവയെ ഒപ്പമെത്തിച്ചു.

വാശിയോടെ മുന്നേറിയ ചെന്നൈയിന്‍ മെന്‍ഡോസയിലൂടെ ഒരു പെനാല്‍റ്റി കൂടി നേടി വീണ്ടും നാട്ടുകാരെ ഞെട്ടിച്ചു. 62-ാം മിനിറ്റില്‍ പന്തുമായി ബോക്‌സിലേയ്ക്ക് കുതിച്ച മെന്‍ഡോസയെ ഇക്കുറി ഗത്യന്തരമില്ലാതെ വീഴ്ത്തിയത് ഗോളി കട്ടിമണി തന്നെയാണ്. എന്നാല്‍, മെന്‍ഡോസയെടുത്ത പെനാല്‍റ്റി കട്ടിമണി തന്നെ ഇടത്തോട്ട് ചാടി കുത്തിയകറ്റി.

പിന്നീട് സൂപ്പര്‍താരം എലാനോ ബ്ലൂമറെ ഇറക്കി ചെന്നൈയിന്‍ ആക്രമണം ശക്തമാക്കിയെങ്കിലും ലക്ഷ്യം കണ്ടത് ഗോവയായിരുന്നു. 87-ാം മിനിറ്റില്‍ മനോഹരമായൊരു ഫ്രീകിക്കിലൂടെ പകരക്കാരന്‍ ജോഫ്രിയാണ് ഗോവയ്ക്ക് ലീഡ് സമ്മാനിച്ചത്.

കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി. ഗ്യാലറിയില്‍ ആഘോഷത്തിന്റെ ആരവം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, അവസാന വിസിലിന് അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍. തൊണ്ണൂറാം മിനിറ്റില്‍ തീര്‍ത്തുംു അവിശ്വസനീയമായി ഗോവയുടെ വല ചലിച്ചു. മെഹ്‌റാജുദ്ദീന്‍ വാഡു ബോക്‌സിലേയ്ക്ക് കൊടുത്ത ലോബ് മെന്‍ഡോസയ്ക്ക് കിട്ടാതെ കുത്തിയകറ്റാനുള്ള ഗോളി കട്ടിമണിയുടെ ശ്രമമാണ് തിരിച്ചടിച്ചത്. പന്ത് നേരെ ചെന്നത്ത് സ്വന്തം നെറ്റില്‍. രണ്ട് പെനാല്‍റ്റികള്‍ വീരോചിതമായി തടഞ്ഞ കട്ടിമണി ദുരന്ത നായകനെ പോലെ നിസ്സഹായനായി നിന്നു.

എന്നാല്‍, കട്ടിമണിയുടെയും ഗോവയുടെയും കണക്കുകൂട്ടലുകള്‍ വീണ്ടും പിഴച്ചു. ഇക്കുറി ലക്ഷ്യം കണ്ടത് മെന്‍ഡോസ തന്നെ. റാണെ നല്‍കിയ പന്ത് നെഞ്ചില്‍ താങ്ങിയ മെന്‍ഡോസ അര്‍ണോലിനെയും ലൂസിയോയെയും മറികന്നാണ് ഷോട്ട് ഉതിര്‍ത്തത്. കട്ടിമണി പന്ത് ഒന്ന് തൊട്ടെങ്കിലും തടയാനായില്ല. പന്ത് നേരെ വലയില്‍. കിരീടം ചെന്നൈയിന്റെ കൈയിലും ഭദ്രം.