ഇസ്ലാമിനെ അടിമുടി മാറ്റാന്‍ ചൈനീസ് ഭരണകൂടത്തിന്റെ പദ്ധതി; അഞ്ചുവര്‍ഷത്തിനകം ഇസ്ലാം അടിമുടി മാറും !

ബെയ്ജിങ്: ഇസ്ലാമിനെ അടിമുടി മാറ്റാന്‍ ചൈനീസ് ഭരണകൂടത്തിന്റെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം പാസാക്കി. ഇസ്ലാമിനെ ചൈനീസ് വല്‍ക്കരിക്കുകയാണ് ലക്ഷ്യം. അടുത്ത അഞ്ച് വര്‍ഷത്തിനകം ഇസ്ലാമിന്റെ പുതിയ രൂപം ചൈനയില്‍ പൂര്‍ത്തിയാകുമെന്ന് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള ഗ്ലോബര്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പടിഞ്ഞാറന്‍ ചൈനയിലെ വൈഗൂര്‍ മുസ്ലിംകളെ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ നിലനില്‍ക്കവെയാണ് പുതിയ വിവരം വന്നിരിക്കുന്നത്. ചൈനീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഒട്ടേറെ മുസ്ലിം നേതാക്കളുമായി പുതിയ നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. ചൈനയിലെ രഹസ്യക്യാംപുകളില്‍ 10 ലക്ഷം മുസ്ലിംകളെ തടവിലാക്കിയെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍.ചൈനയില്‍ മുസ്ലിംകള്‍ കൂടുതല്‍ അധിവസിക്കുന്ന പ്രവിശ്യയാണ് സിന്‍ജിയാങ്. പാകിസ്താനോട് ചേര്‍ന്ന് കിടക്കുന്നതാണ് ഈ പ്രദേശം. ഇവിടെയുള്ള മുസ്ലിംകളെ ചൈനീസ് പോലീസ് കര്‍ശനമായി നിരീക്ഷിക്കുന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇസ്ലാമിക വിശ്വാസ പ്രകാരം ജീവിക്കുന്നവരെ തടവിലാക്കുന്ന രീതിയും ഇവിടെയുണ്ട്.

സിന്‍ജിയാങിലെ പള്ളികളും മുസ്ലിം കാര്യാലയലങ്ങളും സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്. ഇടയ്ക്ക് ഇവിടെ പോലീസ് പരിശോധനയ്ക്ക എത്തും. പള്ളികള്‍ക്ക് മുമ്പില്‍ പ്രത്യേക ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. യുവാക്കളെ നിരീക്ഷിക്കാനും പോലീസില്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നു. തീവ്രവാദം തടയാനാണിതെന്നാണ് പോലീസ് വിശദീകരണം.റമദാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിനോ, പ്രാര്‍ഥന നടത്തുന്നതിനോ ചൈനയിലെ ചില പ്രദേശങ്ങളില്‍ സാധിക്കില്ല. ഇത്തരം സ്ഥലങ്ങളില്‍ ഇസ്ലാമിക വിശ്വാസ പ്രകാരം ജീവിക്കുന്നത് കുറ്റകരമാണ്. സിന്‍ജിയാങിലെ ചൈനീസ് പോലീസിന്റെ രഹസ്യ ക്യാമ്പുകളില്‍ 10 ലക്ഷം മുസ്ലിംകളുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിക്കുന്നത്.താടി വളര്‍ത്തുക, ഹിജാബ് ധരിക്കുക എന്നിവയെല്ലാം ചൈനയിലെ ചില പ്രദേശങ്ങളില്‍ കുറ്റകരമാണ്. വൈഗൂര്‍ മുസ്ലിംകളെ അടിച്ചൊതുക്കുന്ന ചൈനീസ് പോലീസിന്റെ നടപടി അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെടുന്നു. ഈ ഘട്ടത്തിലാണ് പുതിയ നിയമത്തെ കുറിച്ചുള്ള വാര്‍ത്ത വന്നിരിക്കുന്നത്.

ഇസ്ലാമിനെ ചൈനീസ് വല്‍ക്കരിക്കുകയാണ് പുതിയ നിയമത്തിന്റെ ഉദ്ദേശം. ചൈനയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഇസ്ലാം. ചൈനീസ് സര്‍ക്കാരാണ് ഇത് നിയന്ത്രിക്കുക. സര്‍ക്കാര്‍ ഒരുക്കുന്ന ചട്ടക്കൂടിന് അകത്തുള്ള പ്രാര്‍ഥനാ രീതികള്‍ മാത്രമാകും ഇനി മുസ്ലിംകള്‍ക്ക് പിന്തുടരാന്‍ സാധിക്കുക.മറ്റു പല സമുദായങ്ങളിലും ചൈനീസ് ഭരണകൂടം നേരത്തെ ഈ പദ്ധതി നടപ്പാക്കിയുരുന്നു. തുടര്‍ന്നാണ് ഇസ്ലാമിനെ ചൈനീസ് വല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. പുതിയ നിയമം അടുത്ത അഞ്ചുവര്‍ഷത്തിനകം രാജ്യത്ത് നടപ്പാക്കുമെന്ന് ഗ്ലോബര്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ എട്ട് പ്രധാന മുസ്ലിം സംഘടനകളുമായി ചൈനീസ് ഭരണകൂടം വിഷയം ചര്‍ച്ച ചെയ്തുകഴിഞ്ഞു. അതിന് ശേഷമാണ് പുതിയ നിയമം പാസാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉദ്യോഗസ്ഥര്‍ അറിയിക്കും. ചൈനയിലെ പശ്ചാത്തലത്തിന് യോജിച്ച നിയമങ്ങള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ഇസ്ലാമിക ആചാരരീതി.

എന്നാല്‍ എന്തെല്ലാം മാറ്റങ്ങളാണ് പുതിയതായി നടപ്പാക്കുക എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളും അവ്യക്തമാണ്. വൈഗൂര്‍ മുസ്ലിംകളെ അടിച്ചൊതുക്കുന്നതിന് സമാനമായിരിക്കും പുതിയ നിയമമെന്ന് കരുതുന്നു. ഈ നീക്കത്തിനെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ഉയരാനാണ് സാധ്യത.

ചൈനയിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ നേരിടുന്ന കടുത്ത പീഡനങ്ങള്‍ സംബന്ധിച്ച് അടുത്തിടെ വൈഗൂര്‍ വിഭാഗത്തില്‍പ്പെട്ട യുവതിയാണ് ലോകത്തോട് വിളിച്ചുപറഞ്ഞത്. തനിക്ക് നേരിട്ട പീഡനം സംബന്ധിച്ചും പുറംലോകം അറിയാതെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ കുറിച്ചും അവര്‍ വെളിപ്പെടുത്തി. വാഷിങ്ടണിലെത്തിയ മിഹ്രിഗുല്‍ തുര്‍സുന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു.വൈഗൂര്‍ മുസ്ലിംകളെ പിടികൂടി ചൈനീസ് പോലീസ് പ്രത്യേക ക്യാംപില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. മതവിശ്വാസം ഒഴിയാനും കമ്യൂണിസ്റ്റ് ആശയങ്ങള്‍ പഠിപ്പിക്കാനുമാണ് അറസ്റ്റ്. തടവില്‍ ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കുന്നു. ഉറങ്ങാന്‍ അനുവദിക്കാതെയാണ് ചോദ്യം ചെയ്യല്‍. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന കുറ്റമാണ് പലര്‍ക്കുമെതിരെ ചുമത്തിയതെന്ന് തുര്‍സുന്‍ പറയുന്നു.

Top