ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം ജൂതവിരുദ്ധ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കിയ ന്യൂയോര്‍ക്ക് കോടതി ബസുകളില്‍ വിവാദ ഇസ്‌ലാം വിരുദ്ധ പരസ്യങ്ങളും പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കി. ഇസ്‌ലാമിനെ ജൂത കൊലയാളികളായി ചിത്രീകരിക്കുന്ന മുസ്‌ലിം വിരുദ്ധ ഗ്രൂപ്പായ അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷിയേറ്റീവിന്റെ (എ.എഫ്.ഡി.ഐ) പരസ്യം ബസുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എം.ടി.എ) യോട് കോടതി നിര്‍ദ്ദേശിച്ചു.
പരസ്യം തീവ്രവാദവും ആക്രമവും ക്ഷണിച്ചുവരുത്തുമെന്ന എം.ടി.എയുടെ വാദം ജഡ്ജ് ജോണ്‍ കോയല്‍ട്ല്‍ തള്ളി. സാന്‍ഫ്രാന്‍സിസ്കോയിലും ചിക്കാഗോയിലും ഇതേ പരസ്യം യാതൊരു പ്രശ്നവുമില്ലാതെ 2013 മുതല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പരസ്യം ബസുകളിൽ പതിക്കാൻ വിസമ്മതിച്ച എം.ടി.എ ന്യൂയോർക്ക് നിവാസികളുടെ സഹിഷ്ണുതയെ വിലകുറച്ചു കാണിക്കുകയാണെന്നും പരസ്യങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പെരുപ്പിച്ചു കാണിക്കുകയുമാണെന്ന് കോടതി നിരീക്ഷിച്ചു. പരസ്യം അമേരിക്കൻ ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതി വിധിയില്‍ നിരാശയുണ്ടെന്ന് എം.ടി.എ വക്താവ് ആദം ലിസ്ബര്‍ഗ് പ്രതികരിച്ചു. അതേസമയം, അഭിപ്രായ സ്വതന്ത്രം വിലക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെരായ വിധിയാണിതെന്ന് എ.എഫ്.ഡി.ഐയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഡേവിഡ് യെറുഷാല്‍മി പറഞ്ഞു. വിധിക്കെതിരെ എം.ടി.എയ്ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരു മാസം സമയമുണ്ട്