ഇസ്രയേല്‍ സൈനികരുടെ ഫോണ്‍ ഹാക്ക് ചെയ്തു;അര്‍ധനഗ്നരായ സുന്ദരികളുടെ ഫോട്ടോ പുറത്ത്

ഇസ്രയേല്‍ : ജെറുസലേമില്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്തു. നിരവധി സൈനികരുടെ സ്മാര്‍ട്ട് ഫോണുകളാണ് കൂട്ടത്തോടെ ഹാക്ക് ചെയ്യപ്പെട്ടത്. ഹമാസ് ആണ് ഹാക്ക് ചെയ്തതെന്നാണ് വിവരം. എന്നാല്‍ ഹാക്കിങ് ശ്രമം നടന്നതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചെങ്കിലും ഫോണുകളില്‍ നിന്നും പ്രധാനപ്പെട്ട വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അറിയിച്ചത്. ഒപ്പം തന്നെ നിരവധി സൈനികര്‍ കെണിയില്‍ വീഴുന്നതിന് മുമ്പ് തന്നെ സൈബര്‍ ആക്രമണം പരാജയപ്പെടുത്തിയെന്നും അറിയിച്ചു. ഇത് മൂന്നാംതവണയാണ് ഹമാസ് ഇസ്രായേല്‍ സൈനികരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് ലെഫ്. കേണല്‍ ജൊനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു.

യുവതികളാണെന്ന വ്യാജേന സൈനികരുമായി അടുപ്പത്തിലായി പ്രത്യേക ലിങ്ക് വഴി മാല്‍വെയറുകള്‍ കടത്തിവിട്ടാണ് ഫോണുകള്‍ ഹാക്ക് ചെയ്തിരുന്നത്. ഇതിനായി ഹമാസിന്റെ ഹാക്കര്‍മാര്‍ ഉപയോഗിച്ചിരുന്ന യുവതികളുടെ ചിത്രങ്ങളും ഇസ്രായേല്‍ പ്രതിരോധ വിഭാഗം പുറത്തുവിട്ടു. ഹീബ്രു യുവതിയാണെന്നും കേള്‍വി തകരാറുണ്ടെന്നും പറഞ്ഞാണ് ഇവര്‍ സൈനികരുമായി ചങ്ങാത്തം സ്ഥാപിക്കുന്നത്. തുടര്‍ന്ന് സൗഹൃദം ദൃഢമാകുന്നതോടെ രഹസ്യമായി ചിത്രങ്ങള്‍ കൈമാറാനെന്ന് പറഞ്ഞ് ഒരു പ്രത്യേക ലിങ്ക് അയച്ചുകൊടുക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് സൈനികരുടെ ഫോണില്‍ മാല്‍വെയറുകള്‍ ഡൗണ്‍ലോഡാകുന്നത്. ഇതിലൂടെ ഫോണിലെ ചിത്രങ്ങളും ഫയലുകളും നമ്പറുകളും അടക്കം എല്ലാവിവരങ്ങളും ചോര്‍ത്തിയെടുക്കാം. ഫോണിന്റെ ഉടമ അറിയാതെ ചിത്രങ്ങളെടുക്കാനും റെക്കോഡിങ് നടത്താനും സാധിക്കും.

Loading...

എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഹമാസിന്റെ നീക്കം തിരിച്ചറിഞ്ഞതായും അതിനാല്‍ വിവരങ്ങളൊന്നും നഷ്ടമായിട്ടില്ലെന്നുമാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വിശദീകരണം. അതേസമയം, ഇക്കാര്യത്തില്‍ കര്‍ശന നിരീക്ഷണം തുടരുമെന്നും കേണല്‍ വ്യക്തമാക്കി. സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കുന്ന സൈനികര്‍ക്ക് അടുത്തിടെയും ഇസ്രായേല്‍ സൈന്യം കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫോണ്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതിനിടെയും ചില സൈനികര്‍ ഹമാസിന്റെ കെണിയില്‍ വീണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.