അമേരിക്ക തുടക്കമിട്ടു; ഇസ്രായേല്‍ കൂട്ടക്കുരുതി തുടങ്ങി, പിടഞ്ഞുവീണത് 55 പേര്‍

തെല്‍അവീവ്: പശ്ചിമേഷ്യയില്‍ ഇസ്രായേല്‍ ആക്രമണം ശക്തിപ്പെട്ടു. അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റിയ ട്രംപിന്റെ നടപടിയാണ്് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇസ്രായേല്‍ സൈന്യം ഗസയില്‍ നടത്തിയ ആക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. 3000ത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച തുടങ്ങിയ ആക്രമണം ചൊവ്വാഴ്ചയും തുടരുകയാണ്.

പശ്ചിമേഷ്യ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നാണ് വിവരങ്ങള്‍. ഇതുസംബന്ധിച്ച് സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിക്കേറ്റ പലരും മരണത്തോട് മല്ലിട്ടാണ് കഴിയുന്നതെന്ന് ഗസാ ആരോഗ്യവൃത്തങ്ങള്‍ പറഞ്ഞു. അറബ് ലോകത്ത് പ്രതിഷേധം അലയടിക്കുകയാണ്. ഐക്യരാഷ്ട്ര സഭയും ഇസ്രായേലിനെതിരെ രംഗത്തുവന്നു.

ആറാഴ്ച നീണ്ട പ്രക്ഷോഭത്തിന് ഗസയില്‍ ഹമാസ് ആഹ്വാനം ചെയ്തിരുന്നു. തിരിച്ചുവരവിന്റെ കൂറ്റന്‍ മാര്‍ച്ച് എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നത്. ഇതിനിടെയാണ് അമേരിക്ക തങ്ങളുടെ ഇസ്രായേല്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റിയത്. ഇതോടെ ഹമാസ് ആഹ്വാനം ചെയ്ത മാര്‍ച്ചിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെട്ടു.

ഈ പ്രതിഷേധങ്ങള്‍ക്ക് നേരെയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ആയുധപ്രയോഗമുണ്ടായത്. 40000ത്തോളം ഫലസ്തീന്‍കാരാണ് ഇസ്രായേല്‍ അതിര്‍ത്തിയില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇവര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം റോക്കറ്റാക്രമണം നടത്തുകയായിരുന്നു. മിസൈലുകളും ജനവാസ മേഖലയില്‍ പതിച്ചു.

അതിര്‍ത്തിയോട് ചേര്‍ന്ന 13 കേന്ദ്രങ്ങളില്‍ ഫലസ്തീന്‍കാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇവര്‍ അക്രമികളായ കലാപകാരികളാണെന്നാണ് ഇസ്രായേല്‍ വാദം. ഇസ്രായേല്‍ സൈന്യത്തിന് നേരെ പ്രക്ഷോഭകര്‍ കല്ലേറ് നടത്തി. എന്നാല്‍ സമരക്കാര്‍ക്ക് നേരെ വെടിവച്ചുകൊണ്ടാണ് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചത്. തങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കുക മാത്രമാണ് സൈന്യം ചെയ്തതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേലിനെ തകര്‍ക്കാനും അതിര്‍ത്തി വേലികള്‍ നശിപ്പിക്കാനുമായി ആയിരങ്ങള്‍ എത്തിയാല്‍ എന്താണ് ചെയ്യുക. തങ്ങളുടെ പൗരന്‍മാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സൈന്യം പ്രതിരോധം തീര്‍ത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.

2014ല്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ഒറ്റദിവസം ഇത്രയും പേരെ ഗസയില്‍ കൊലപ്പെടുത്തുന്നത് ആദ്യമാണ്. ഇസ്രായേല്‍ കൂട്ടക്കൊലയാണ് നടത്തുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെ പിന്തിരിപ്പിക്കണമെന്നും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.

മനുഷ്യാവകാശ ലംഘനങ്ങളാണ് പശ്ചിമേഷ്യയില്‍ നടക്കുന്നതെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് പ്രതികരിച്ചു. അമേരിക്കയുടെ ഇസ്രായേല്‍ എംബസി മാറ്റമാണ് പശ്ചിമേഷ്യയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പൊട്ടിത്തെറിക്ക് കാരണം. ജറുസലേം ഫലസ്തീന്‍ രാജ്യത്തിന്റെ തലസ്ഥാനമായി അറബികള്‍ കാണുന്ന നഗരമാണ്. ഇതാണിപ്പോള്‍ അമേരിക്ക പിന്തുണയോടെ ഇസ്രായേല്‍ നഗരമായി മാറുന്നത്.