ക്രൂ എസ്‌കേപ്പ് സംവിധാനം വിജയകരമായി പരീക്ഷിച്ച് ഐ.എസ്.ആര്‍.ഒ

ശ്രീഹരിക്കോട്ട: ബഹിരാകാശ യാത്രക്കിടെയുണ്ടായേക്കാവുന്ന അപകടങ്ങളില്‍ നിന്ന് യാത്രികരെ രക്ഷിക്കുന്നതിനായുള്ള ക്രൂ എസ്‌കേപ്പ് സംവിധാനം ഐ.എസ്.ആര്‍.ഒ വിജയകരമായി പരീക്ഷിച്ചു. ഭാവിയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന റോക്കറ്റില്‍ ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ ശൂന്യാകാശത്ത് എത്തിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം.

ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ടുള്ള വിക്ഷേപണത്തിനിടെ ലോഞ്ച് പാഡില്‍ വെച്ച് റോക്കറ്റ് പൊട്ടിത്തെറിക്കുകയോ മറ്റ് അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ സുരക്ഷാ സംവിധാനമെന്ന് ഐ.എസ്.ആര്‍.ഒ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Loading...

ഏതെങ്കിലും സാഹചര്യത്തില്‍ വിക്ഷേപണം റദ്ദാക്കേണ്ടി വന്നാല്‍ പുതിയ സുരക്ഷാ സംവിധാനം ബഹിരാകാശയാത്രികരെ വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലത്തിലേക്കു മാറ്റും. ശീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിക്കായിരുന്നു പരീക്ഷണം. അഞ്ചുമണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണ്‍ സുഗമമായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ക്രൂ എസ്‌കേപ്പ് സംവിധാനവും ക്രൂ മൊഡ്യൂളും അടക്കമുള്ള വാഹനമാണ് വിക്ഷേപിച്ചത്. 2.7 കിലോമീറ്റര്‍ ഉയരത്തില്‍ കുതിച്ചുയര്‍ന്നതിനു ശേഷം റോക്കറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. എന്നാല്‍ ക്രൂ മൊഡ്യൂള്‍ അതില്‍ ഘടിപ്പിച്ചിരുന്ന പാരച്യൂട്ടിന്റെ സഹായത്തോടെ ഭൂമിയില്‍ തിരിച്ചെത്തി. 259 സെക്കന്റുകള്‍ (നാലര മിനിറ്റ്)മാത്രം നീണ്ടുനിന്ന പരീക്ഷണമായിരുന്നു ഇത്. തുടര്‍ന്ന് റിക്കവറി ബോട്ടുകള്‍ ക്രു മൊഡ്യൂള്‍ തിരിച്ചെത്തിച്ചു. 300 സെന്‍സറുകളാണ് ഈ പരീക്ഷണത്തില്‍ ക്രു മൊഡ്യൂളിന്റെ പ്രകടനം വിലയിരുത്താനുണ്ടായിരുന്നത്.