കുവൈത്തിൽ അതിജാഗ്രതാ നിർദേശം, അവധിയിലുള്ള പ്രതിരോധ ഉദ്യോഗസ്ഥരോട് എത്രയും വേഗം ഹാജരാകാന്‍ നിര്‍ദേശം

കുവൈത്തിൽ അതിജാഗ്രതാ നിർദേശം, അവധിയിലുള്ള പ്രതിരോധ ഉദ്യോഗസ്ഥരോട് എത്രയും വേഗം ഹാജരാകാന്‍ നിര്‍ദേശം.

ഗൾഫ്‌ മേഖലയിലെ പ്രത്യേക രാഷ്ട്രീയപശ്ചാത്തലം കണക്കിലെടുത്താണ് വിവിധ മന്ത്രാലയങ്ങളിൽ കനത്ത ജാഗ്രതപുലർത്താൻ നിർദേശം പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി പ്രതിരോധമന്ത്രാലയത്തിലെ അവധിയിലുള്ള മുഴുവൻജീവനക്കാരോടും ജോലിക്ക് ഹാജരാകാൻ നിർദേശം നൽകി.

Loading...

കഴിഞ്ഞദിവസം പ്രതിരോധമന്ത്രിയുടെ താത്കാലിക ചുമതല വഹിക്കുന്ന വിദേശകാര്യമന്ത്രി സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്‌ യോഗം വിളിച്ചിരുന്നു. രാജ്യത്തിനു നേരെ ഉയരുന്ന ഭീഷണികൾ നേരിടുന്നതിന്‌ ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം സൈനികരോട് ആഹ്വാനം ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിലെ വിവിധവിഭാഗങ്ങളിലെ മേധാവികൾ പ്രത്യേകയോഗം വിളിച്ചുചേർത്തു.

അമീറിന്റെ കൊട്ടാരത്തിനുമുകളിലൂടെ അജ്ഞാതകേന്ദ്രത്തിൽനിന്നും വന്ന ഡ്രോൺ വിമാനം പറന്നസംഭവം പ്രതിരോധ മന്ത്രാലയത്തിൽനിന്നുണ്ടായ കനത്ത സുരക്ഷാവീഴ്ചയായി യോഗം അഭിപ്രായപ്പെട്ടു.
സൗദി അരാംകോ എണ്ണ ശുദ്ധീകരണശാലയിലേക്ക്‌ പതിച്ച മിസൈലുകൾ കുവൈത്തിന്റെ വ്യോമപരിധിയിലൂടെ കടന്നുപോയ സംഭവവും യോഗത്തിൽ ചർച്ചയായി.

ഈ രണ്ടുവിഷയങ്ങളിലും പ്രതിരോധ മന്ത്രാലയത്തിനു ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി യോഗത്തിൽ വിമർശനമുയർന്നു. രാജ്യത്ത്‌ അടുത്ത ആറുമാസത്തേക്കുള്ള കരുതൽ ഭക്ഷ്യശേഖരം പര്യാപ്തമാണെന്ന് കോപ്പറേറ്റീവ്‌ യൂണിയൻ സൊസൈറ്റി അധികൃതർ വ്യക്തമാക്കി.

തന്ത്രപ്രധാനമേഖലകളിൽ സുരക്ഷാസംവിധാനം ശക്തമാക്കാനും നിർദേശംനൽകി. ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രാജ്യത്തെ വിവിധ എണ്ണ ശുദ്ധീകരണശാലകളിലെ സുരക്ഷാസംവിധാനം പരിശോധിച്ചു.

ഏത്‌ അടിയന്തര സാഹചര്യവും നേരിടാൻ ആരോഗ്യ മന്ത്രാലയം തയ്യാറെടുത്തതായി മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി.
ഇതിന്റെഭാഗമായി മുഴുവൻ ജീവനക്കാരോടും ജാഗ്രതപുലർത്താൻ മന്ത്രാലയം ആവശ്യപ്പെട്ടു.