തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാര: സ്വപ്ന സുരേഷിനെ ഐ ടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടു

swapna suresh

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ ഐ ടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടു. സ്വർണ്ണക്കടത്ത് ആരോപണം മൂലമാണ് നടപടി എന്ന് ഐടി വകുപ്പ് അറിയിച്ചു. കെ എസ് ഐ ടി എൽ നു കീഴിൽ സ്പേസ് പാർക്കിന്റെ മാർക്കറ്റിംഗ് ലൈസൻ ഓഫീസർ ആയിരുന്നു സ്വപ്ന. താൽക്കാലിക നിയമനം ആയിരുന്നു ഇവരുടേത് എന്നും ഐ ടി വകുപ്പ് അറിയിച്ചു. സ്‌പെയ്‌സ് പാർക്കിന്റെ ചുമതലയായിരുന്നു സ്വപ്‌ന സുരേഷിന് നൽകിയിരുന്നത്.

യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോ ഉപയോ​ഗിച്ച് 15 കോടി രൂപയുടെ സ്വർണം കടത്തിയ കേസിലാണ് സ്വപ്നയ്ക്കെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് സ്വർണം കണ്ടെത്തിയത്. സ്വപ്ന നേരത്തെ യുഎഇ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥയായിരുന്നു. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടർന്ന് ഒളിവിൽ പോയ സ്വപ്നയ്ക്കായി തെരച്ചിൽ തുടരുകയാണ്. നേരത്തെ തന്നെ സ്വപ്‌നയുടെ ജോലി കരാർ അവസാനിച്ചിരുന്നു. ആറ് മാസത്തെ കരാർ കാലാവധി അവസാനിച്ചിരുന്നിട്ടും ഐ ടി വകുപ്പിൽ തന്നെ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുകയായിരുന്നു സ്വപ്‌ന.

Loading...

അതേസമയം, കസ്റ്റംസ് കസ്റ്റഡിയിലുള്ള കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സരിത്, കോൺസുലേറ്റ് പിആർഒ എന്ന വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയതായി അധികൃതർ അറിയിച്ചു. ഇതുപയോഗിച്ചാണ് സരിത് സ്വർണക്കടത്ത് നടത്തി വന്നത്. സരിതിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ അഞ്ച് പേർക്ക് കൂടി പങ്കുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ജനുവരിയിൽ സ്‌പെയ്‌സ് പാർക്കുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് നടത്തിയ ഇവന്റിന്റെ പ്രധാന സംഘാടകയായിരുന്നു ഇവർ. സ്വപ്‌നയ്ക്ക് യുഎഇ കോൺസുലേറ്റിലും വിദേശ കമ്പനികളിലും ജോലി ചെയ്ത പ്രവർത്തി പരിചയമുണ്ട്. ഇവരിപ്പോൾ ഒളിവിലാണെന്നാണ് വിവരം. സംഘം മുൻപും കള്ളക്കടത്ത് നടത്തിയെന്ന് സൂചനയുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് സ്വർണം പുറത്തെത്തിച്ചിരുന്നത്. കോൺസുലേറ്റിലേക്കുള്ള ബാഗേജ് പരിശോധിക്കാൻ അവകാശമില്ലെന്നായിരുന്നു ന്യായം.