ഓഷിമ: മനുഷ്യനെക്കാള്‍ കൂടുതല്‍ പൂച്ചയുള്ള നാട്. വിവിധ വര്‍ണ്ണങ്ങളില്‍, സൗന്ദര്യത്തില്‍ നിറയെ പൂച്ചകള്‍. വെറും പൂച്ചകളല്ല നാട് ഭരിക്കുന്ന പൂച്ചകള്‍! ദക്ഷിണ ജപ്പാനിലെ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഓഷിമ എന്ന ചെറിയ ദ്വീപാണ് ആ രാജ്യം. ഇവിടെ ജനവാസം വളരെ കുറവാണ്. പക്ഷെ പൂച്ചകള്‍ക്കൊരു കുറവുമില്ല. ഒഴിഞ്ഞ വീടുകള്‍ താവളമാക്കി ഇവര്‍ ഈ മത്സ്യ ബന്ധന ഗ്രാമത്തില്‍ അനുസ്യൂതം വിഹരിക്കുകയാണ്.
എലികള്‍ നാട്ടില്‍ പ്ലേഗ് പരത്തിയപ്പോള്‍ പൂച്ചയെ ഇറക്കിയാണ് ഓഷിമ പ്രതിരോധിച്ചത്. മത്സ്യബന്ധന ബോട്ടുകളിലിടം നേടിയ അവ അങ്ങനെ പെറ്റു പെരുകി. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് വൃദ്ധജനങ്ങളൊഴികെ ഭൂരിഭാഗം ജനങ്ങളും നാട് വിട്ടപ്പോള്‍ ഇവിടം ഇവര്‍ക്ക് തീറെഴുതി. ഗ്രാമത്തിലുള്ളവരുടെ കയ്യിലൊതുങ്ങാത്തവിധം 120 ലധികം പൂച്ച സംഘങ്ങലാണിവിടെയുള്ളത്. വലിയ ഹോട്ടലുകളോ, കാറുകളോ, ഷോപ്പുകളോ ഒന്നുമില്ലാത്ത ഓഷിമ ഒരു മനോഹരമായ ടൂറിസ്റ്റ് പ്ലേസ് അല്ല പക്ഷെ പൂച്ചകളെ സ്‌നേഹിക്കുന്നവര്‍ അത് കാര്യമാക്കുന്നില്ല.
മൃഗങ്ങളെ വളര്‍ത്താന്‍ കര്‍ശനമായ നിയമങ്ങളാണ് ഇവിടെയുള്ളത്. തങ്ങളെ നേരിടാന്‍ ശത്രുക്കളില്ലാത്തതു കൊണ്ട് പേടി കൂടാതെ വിഹാരിക്കുകയാണ് മാര്‍ജ്ജാര സംഘങ്ങള്‍ ഓഷിമയില്‍.
ആയിരക്കണക്കിന് പൂച്ചകളുടെ ഈ കൗതുകകാഴ്ച കാണുവാന്‍ വീണ്ടും ഇവിടെയെത്തുന്നവര്‍ക്കും കുറവില്ല. വേള്‍ഡ് ഹലോ കിറ്റിയെന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ ലോകത്തിനു നല്കിയ ജപ്പാന് ഇത്തരം പൂച്ച സ്‌നേഹം പുത്തരിയല്ല. പൂച്ച കഫേകള്‍ക്ക് പ്രസിദ്ധമാണ് ജപ്പാനിലെ ടോക്യോ നഗരം.
അമിതമായ ഇവയുടെ പെറ്റുപെരുകലിനെ ചെറുക്കാന്‍ വന്ധ്യകരണവും ദ്വീപില്‍ വ്യാപകമാണ്. ഭക്ഷണത്തിനു വേണ്ടിയുള്ള ഇവയുടെ പോരാട്ടം നാടിന്റെ ശാപമായും ഇവയെ മാറ്റുന്നു. എന്നാല്‍ കൂടുതല്‍ ആളുകള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെട്ടാല്‍ ഈ പ്രതിസന്ധി മറികടക്കാനാകുമെന്നു നാട്ടുകാര്‍ പറയുന്നു. എന്തായാലും ഈ നാട്ടുപറച്ചിലൊന്നും ഇക്കൂട്ടം കാര്യമാക്കാറില്ല. ഈ നാട് അവരുടെതാണ്.