‘പോകാനുള്ള സമയമായി’: അവസാന യാത്രയ്ക്ക് മുന്‍പ് അന്‍സി കബീര്‍ കുറിച്ചു

മരണത്തിലേക്കുള്ള യാത്രക്ക് മുന്‍പ് മുന്‍ മിസ് കേരള അന്‍സി കബീര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് അറംപറ്റിയതു പോലെയായെന്ന് സുഹൃത്തുക്കള്‍. ‘പോകാനുള്ള സമയമായി’ (It’s time to go) എന്നാണ് അന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പച്ചപ്പ് നിറഞ്ഞ സ്ഥലത്തുകൂടി നടക്കുന്ന വീഡിയോ പങ്കുവെച്ചാണ് അന്‍സി ഇങ്ങനെ കുറിച്ചത്.

വിശ്വസിക്കാനാകുന്നില്ലെന്ന് ഈ വീഡിയോക്ക് താഴെ സുഹൃത്തുക്കള്‍ കുറിച്ചു. മരണത്തിലേക്കുള്ള യാത്ര ഒരുപാടു നേരത്തെയായി. അന്‍സി മരണം മുന്‍കൂട്ടി കണ്ടതുപോലെ എന്നാണ് ചിലരുടെ പ്രതികരണം.

Loading...

ഇന്നലെ പുലര്‍ച്ചെയാണ് ദാരുണമായ അപകടമുണ്ടായത്. ഒരു മണിയോടെ അന്‍സിയും അഞ്ജനയും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോഴാണ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചത്. എറണാകുളം വൈറ്റിലയിലായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.

2019ലെ മിസ് കേരളയായിരുന്ന അന്‍സി കബീര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയാണ്. 2019ലെ തന്നെ മിസ് കേരള റണ്ണറപ്പായ അഞ്ജന ഷാജന്‍ തൃശൂര്‍ സ്വദേശിനിയാണ്.