പ്രാര്‍ത്ഥനായജ്ഞം ആരംഭിക്കാന്‍ കാതോലിക്ക ബസേലിയസ് തോമസ് പ്രഥമന്‍: പടിക്കല്‍ കയറ്റില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം

കോലഞ്ചേരി: കോലഞ്ചേരി സെന്റ് പോള്‍സ് ആന്‍ഡ് സെന്റ് പീറ്റേഴ്‌സ് പള്ളി വീണ്ടും സംഘര്‍ഷത്തിന്റെ നിഴലിലേക്ക്.
വിധി വന്ന സാഹചര്യത്തില്‍ ഇന്ന് കോലഞ്ചേരി ചാപ്പലിലെത്തുന്ന യാക്കോബായ വിഭാഗം കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പള്ളിയില്‍ തങ്ങള്‍ക്കും അവകാശം ആവശ്യപ്പെട്ട് പ്രാര്‍ഥനയജ്ഞം ആരംഭിക്കുമെന്ന സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഇത് പൊലീസിനും സര്‍ക്കാരിനും തീരാത്തലവേദനയാണ് നല്‍കുന്നത്.
ഇതിനിടയില്‍ പള്ളിയുടെ പരിസരത്തുപോലും യാക്കോബക്കാരെ കയറ്റില്ലെന്ന ഓര്‍ത്തഡോക്‌സ് വെല്ലുവിളിയും ഉയര്‍ന്നതോടെ സ്ഥിതിഗതികള്‍ രൂക്ഷമാകും.
അമേരിക്കന്‍ പര്യടനം കഴിഞ്ഞ് ഓര്‍ത്തഡോക്‌സ് വിഭാഗം ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസും ഇന്ന്
കോലഞ്ചേരിയിലെത്തുന്നുണ്ട്.
യാക്കോബായ സഭയിലെ കോലഞ്ചേരി ഇടവകയില്‍ പാറേതട്ടില്‍ ഇസഹാഖിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ വിധിയുടെ സാഹചര്യത്തിലും പിന്‍ബലത്തിലും യാക്കോബായയിലെ വൈദികരെ പള്ളിയുടെ പടിക്കല്‍പോലും കയറ്റില്ലെന്ന ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നു. ഇതിന് യാക്കോബായ പക്ഷം കടുത്ത നിലപാട് സ്വീകരിച്ചാല്‍ അതും സംഘര്‍ഷത്തിലേക്ക് വഴിെവക്കും. ഇതുസംബന്ധിച്ച് ജില്ല ഭരണകൂടം രാവിലെ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. ചര്‍ച്ചയില്‍ തീരുമാനമാകാത്തപക്ഷം നിരോധനാജ്ഞക്കും സാധ്യതയുണ്ട്. കോടതിവിധി എതിരായ സാഹചര്യത്തില്‍ സര്‍ക്കാറില്‍നിന്ന് അനുകൂല തീരുമാനമുണ്ടാക്കാന്‍ യാക്കോബായ പ്രതിനിധിസംഘം മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.