ഗണേഷിന്റെ വ്യക്തിപരമായ അഭിപ്രായം, അമ്മ’യുടെ തീരുമാനം പിന്നീട്: ജഗദീഷ്

അഹങ്കരിച്ചാല്‍ ഷെയ്ന്‍ നിഗത്തെ മലയാള സിനിമയില്‍നിന്നു പുറത്താക്കുമെന്ന നടനും താരസംഘടനയുടെ ഭാരവാഹിയും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്നും ‘അമ്മ’യുടെ ഔദ്യോഗിക തീരുമാനം ചര്‍ച്ചകള്‍ക്കുശേഷം അറിയിക്കുമെന്നും സംഘടനയുടെ ട്രഷററും നടനുമായ ജഗദീഷ്. ഓരോരുത്തര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും എന്നാല്‍ സംഘടന ഇക്കാര്യത്തില്‍ ഔദ്യോഗികമായി പിന്നീട് പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷെയ്ന്‍ നിഗം മൊട്ടയടിച്ച്‌ പ്രതിഷേധിച്ചത് തോന്ന്യാസമാണെന്നും അഹങ്കരിച്ചാല്‍ ഷെയ്ന്‍ മലയാള സിനിമയില്‍നിന്ന് പുറത്തുപോകുമെന്നുമായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. ഷെയ്ന്‍ പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തി. അച്ചടക്കമില്ലാത്തവരെ താരസംഘടന പിന്തുണയ്ക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം കൂടുതലാണെന്നും എക്‌സൈസും പൊലീസും ഇക്കാര്യം പരിശോധിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

Loading...

“ഇതുവരെ ഈ വിഷയത്തില്‍ ഞങ്ങള്‍ യോഗം ചേര്‍ന്നിട്ടില്ല. യോഗം വിളിക്കുമ്ബോള്‍ ഗണേഷിന് ഗണേഷിന്റെ അഭിപ്രായം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പറയാമല്ലോ. മാധ്യമങ്ങളോടെന്താണ് പറഞ്ഞിട്ടുള്ളതെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് പ്രതികരണം നടത്താന്‍ പറ്റില്ല. നമ്മള്‍ അനുരഞ്ജന ചര്‍ച്ച നടത്തുമ്ബോള്‍ എന്ത് നിലപാടാണ് കൈക്കൊള്ളുക എന്നതാണ് മുഖ്യം. നിര്‍മാതാക്കളുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നത്,” ജഗദീഷ് വ്യക്തമാക്കി.
താരങ്ങളുടെ ലഹരി ഉപയോഗത്തെക്കുറിച്ചും സെറ്റില്‍ റെയ്ഡ് നടത്തുന്നതിനെക്കുറിച്ചുമെല്ലാം പുറത്തുവന്ന അഭിപ്രായ പ്രകടനങ്ങള്‍ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണെന്നും ഇക്കാര്യത്തില്‍ താരസംഘടന ഔദ്യോഗികമായി യോഗം വിളിച്ചിട്ടില്ലെന്നും, ചര്‍ച്ചകള്‍ക്കു ശേഷമേ തീരുമാനമുണ്ടാകൂവെന്നും ജഗദീഷ് പറഞ്ഞു.

“ഇതെല്ലാം സായാഹ്ന ചര്‍ച്ചകളില്‍ വ്യക്തികള്‍ പറയുന്ന അഭിപ്രായങ്ങള്‍​ മാത്രമാണ്. അതെല്ലാം അതേപടി സ്വീകരിക്കണോ വേണ്ടയോ എന്നതെല്ലാം പിന്നീട് തീരുമാനിക്കും. വ്യക്തി എന്ന നിലയ്ക്ക് ഇതില്‍ പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,” ജഗദീഷ് വ്യക്തമാക്കി.

അതേസമയം നടന്‍ ഷെയ്ന്‍ നിഗത്തിനൊപ്പം സഹകരിക്കില്ലെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ നടപടിക്കെതിരെ മറ്റു സംഘടനകള്‍ രംഗത്തെത്തി. ഷെയ്ന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരു നടനെ വിലക്കുന്ന നിലപാടിനോട് മറ്റ് സംഘടനകള്‍ക്ക് യോജിപ്പില്ല. താരസംഘടനയായ അമ്മയും ഷെയ്‌നിന് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഷെയ്ന്‍ നിഗം നല്‍കിയ പരാതി ഷെയ്‌ന്റെ സാന്നിധ്യത്തില്‍ നിര്‍മാതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

ഷെയ്ന്‍ മുടിമുറിച്ചതിനെ ന്യായീകരിക്കില്ലെന്നും അത് തെറ്റ് തന്നെയാണെന്നും ഇടവേള ബാബു പറഞ്ഞു. എന്നാല്‍, താരത്തെ വിലക്കിയ നടപടിയോട് അമ്മയ്ക്ക് യോജിപ്പില്ലെന്നും ഇടവേള ബാബു വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം വിലക്കല്ലെന്ന് ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും പറഞ്ഞു.