ജഗതി ശ്രീകുമാർ വീണ്ടും അഭിനയിക്കുന്നു

മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാർ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്നു. ഒരു പരസ്യചിത്രത്തിലൂടെയാണ് ജഗതി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്. സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്റെ പരസ്യത്തിലാണ് ജഗതി പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ട്. ഏഴു വർഷം മുൻപുണ്ടായ വാഹനാപകടത്തെ തുടർന്ന് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ജഗതി അഭിനയത്തിലേക്ക് തിരിച്ചുവരുന്ന സന്തോഷത്തിലാണ് കുടുംബവും സുഹൃത്തുക്കളുമെല്ലാം.

അച്ഛനെ അഭിനയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരുന്നത് മകൻ തന്നെയാണ്. ജഗതിയുടെ മകൻ രാജ്കുമാർ ആരംഭിക്കുന്ന ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്‌സ് എന്ന പരസ്യ കമ്പനിയുടെ പരസ്യത്തിലാണ് താരം അഭിനയിക്കുക. അഭിനയത്തിൽ സജീവമാകുന്നതുവഴി താരത്തിന്റെ​ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാകുമെന്നും തിരിച്ചുവരവിന് വേഗത കൂടുമെന്നും ഡോക്ടർമാർ പറഞ്ഞതായി മകൻ രാജ് കുമാർ പറയുന്നു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജ് കുമാർ.

Loading...

ഏഴുവർഷം മുൻപ് ഒരു മാർച്ച് മാസത്തിലായിരുന്നു മലയാളികൾ ഞെട്ടലോടെ ആ അപകടവാർത്ത കേട്ടത്. മലപ്പുറം തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കുകളാണ് മലയാളികളുടെ പ്രിയതാരത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഏറെ നാൾ നീണ്ട ചികിത്സയ്ക്കു ശേഷമാണ് ഇപ്പോൾ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് വരാൻ ഒരുങ്ങുന്നത്. എന്തായാലും താരത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന പ്രേക്ഷകർക്കും സിനിമാലോകത്തിനും ആശ്വാസമാവുകയാണ് ഈ വാർത്ത.