‘കണ്ണിറുക്കി പ്രശസ്തയായ നടിക്ക് എന്ത് ക്വാളിറ്റിയാണ് ഇവിടെയിരിക്കാന്‍’

Loading...

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയ പ്രകാശ് വാര്യരുടെ നായിക അരങ്ങേറ്റം. ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ രാജ്യാന്തര ശ്രദ്ധ നേടാനും പ്രിയയ്ക്കായി. ഗാനം ഹിറ്റായതോടെ അപ്രതീക്ഷിതമായ വലിയ പ്രശസ്തിയും അവസരങ്ങളുമായിരുന്നു പ്രിയയെ തേടിയെത്തിയത്. എന്നാല്‍ അഭിനന്ദനത്തിനൊപ്പം വലിയ രീതിയില്‍ ട്രോളുകളും പ്രിയ നേരിടേണ്ടി വന്നു.

ഇപ്പോള്‍ വീണ്ടും വിവാദത്തിലായിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. കന്നഡ നടന്‍ ജഗ്ഗേഷാണ് പ്രിയക്കെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തു വന്നിരിക്കുന്നത്. ജഗ്ഗേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പും ഇപ്പോള്‍ വൈറലാവുകയാണ്.

Loading...

അടുത്തിടെ ബംഗളൂരുവിലെ വൊക്കലിംഗ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ഒരു ചടങ്ങില്‍ പ്രിയ പ്രകാശ് വാര്യര്‍ അതിഥിയായി എത്തിയിരുന്നു. നിരവധി കലാ-സാംസ്‌കാരിക പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ അവര്‍ക്കൊപ്പം വേദി പങ്കിടാന്‍ പ്രിയയ്ക്ക് എന്ത് അര്‍ഹതയാണുള്ളതെന്നാണ് ജഗ്ഗേഷിന്റെ ചോദ്യം.

‘ഒരു എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല. നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയുമല്ല. അനാഥരെ നോക്കി വളര്‍ത്തിയ മദര്‍തെരേസയുമല്ല. ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയതുകൊണ്ടു മാത്രം ശ്രദ്ധ നേടിയ ഒരു സാധാരണ പെണ്‍കുട്ടിയാണത്. നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്‍മ്മലാനന്ദ സ്വാമിജിക്കുമൊപ്പമാണ് അവര്‍ വേദിയില്‍ ഇരുന്നത്. ഇത്രയും പ്രതിഭകള്‍ക്കു മുമ്ബില്‍ കണ്ണിറുക്കുന്ന ഒരു പെണ്‍കുട്ടിയെ മാതൃകയാക്കുനതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്?’- അദ്ദേഹം ചോദിക്കുന്നു. ചടങ്ങില്‍ നിന്നും വിട്ടു നിന്നാല്‍ അത് ഈഗോ ആയി കണക്കാക്കുമായിരുന്നുവെന്നും ജഗ്ഗേഷ് പറയുന്നു.

അതേസമയം അഡാറ് ലവിന് ശേഷം ബോളിവുഡിലാണ് നടി അഭിനയിച്ചിരുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തില്‍ പ്രിയ അഭിനയിച്ചിരുന്നു. മലയാളത്തിലും ഹിന്ദിയിലും അഭിനയിച്ച പ്രിയയുടെ അടുത്ത ചിത്രം കന്നഡത്തിലാണ്.

മലയാളിയായ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന വിഷ്ണു പ്രിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായിട്ടാണ് പ്രിയ എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം പ്രിയാ വാര്യരുടെ പിറന്നാള്‍ ദിനത്തില്‍ വിഷ്ണു പ്രിയ ടീം പുറത്തുവിട്ട ഒരു വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു.

പ്രിയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുളള സിനിമയുടെ ഒരു ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ഒരു റൊമാന്റിക്ക് ചിത്രമായിരിക്കും വിഷ്ണു പ്രിയ എന്ന് സൂചന നല്‍കികൊണ്ടാണ് ആദ്യ ടീസര്‍ പുറത്തുവന്നിരിക്കുന്നത്. ശ്രേയസ് കെ മഞ്ജുവിന്റെ പിതാവ് കെ മഞ്ജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.